
ന്യൂഡൽഹി: ഒരു ചോളത്തിന് 15 രൂപ ചോദിച്ച വഴിയോരക്കച്ചവടക്കാരനുമായി വിലപേശിയ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഫഗ്ഗൻ സിംഗ് കുലസ്തെയെ വിമർശിച്ച് പ്രതിപക്ഷം. കുലസ്തെ തന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ നിന്ന് തന്നെയാണ് വീഡിയോ പങ്കുവച്ചത്. വഴിയിൽ ചോളം വിൽക്കുന്നത് കണ്ട് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി ചോളം തയ്യാറാക്കേണ്ടതിനെ കുറിച്ച് വഴിയോരക്കച്ചവടക്കാരന് നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
आज सिवनी से मंडला जाते हुए। स्थानीय भुट्टे का स्वाद लिया। हम सभी को अपने स्थानीय किसानों और छोटे दुकानदारों से खाद्य वस्तुओं को ख़रीदना चाहिए। जिससे उनको रोज़गार और हमको मिलावट रहित वस्तुएँ मिलेंगी। @MoRD_GoI @BJP4Mandla @BJP4MP pic.twitter.com/aNsLP2JOdU
— Faggan Singh Kulaste (@fskulaste) July 21, 2022
മൂന്ന് ചോളങ്ങൾക്ക് 45 രൂപയാണ് വഴിയോരക്കച്ചവടക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ വില വളരെ കൂടുതലാണെന്നും ചോളം സൗജന്യമായി ലഭിക്കുന്ന സ്ഥലമാണിതെന്ന് തനിക്ക് അറിയാമെന്നും കുലസ്തെ പറഞ്ഞു. എന്നാൽ തന്റെ മുന്നിൽ നിൽക്കുന്നത് കേന്ദ്രമന്ത്രിയാണെന്ന് അറിയാതെയായിരുന്നു വഴിയോരക്കച്ചവടക്കാരന്റെ പ്രതികരണം.
താങ്കൾ കാറിൽ വന്നത് കൊണ്ട് താൻ ചോളത്തിന് വില കൂട്ടിയിട്ടില്ലെന്നും ഈ വിലയ്ക്ക് തന്നെയാണ് എല്ലാവർക്കും ചോളം കൊടുക്കുന്നതെന്നും കച്ചവടക്കാരൻ മറുപടി നൽകി.വഴിയോരക്കച്ചവടക്കാരനുമായി ചോളത്തിന് വേണ്ടി കേന്ദ്രമന്ത്രി വിലപേശിയതിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രമന്ത്രിക്ക് ഒരു ചോളത്തിന് 15 രൂപ എന്നത് വളരെ വലിയ സംഖ്യയാണെങ്കിൽ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് മദ്ധ്യപ്രദേശ് കോൺഗ്രസ് മീഡിയ വിഭാഗം ചെയർമാൻ കെ കെ മിശ്ര ട്വീറ്റ് ചെയ്തു.