s

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ.മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

ഇതുസംബന്ധിച്ച ഉത്തരവ് ഉത്തര മേഖലാ ഐ.ജി ഇന്നലെ ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.സജീവനായിരിക്കും അന്വേഷണ ചുമതല. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പറയാൻ അന്വേഷണ സംഘം തയ്യാറായില്ല. റിപ്പോർട്ട് പഠിച്ച ശേഷം പറയാമെന്നായിരുന്നു എസ്.പി കെ.കെ.മൊയ്തീൻകുട്ടിയുടെ പ്രതികരണം. കല്ലേരി സ്വദേശി കൊലോത്ത് സജീവനാണ് കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്.

ട്രാഫിക് വിഷയത്തിൽ കസ്റ്റഡിയിലെടുത്ത സജീവനെ വടകര എസ്.ഐയും പൊലീസും മർദ്ദിച്ചതായി കൂടെയുള്ളവർ ആരോപിച്ചിരുന്നു. സജീവനെ ആശുപത്രിയിലെത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ല. ഇതാണ് മരണകാരണമെന്നാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പരാതി. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.