cpi

നെടുമങ്ങാട് : ഇടതു മുന്നണിയിലുണ്ടാകുന്ന സുഖദുഃഖങ്ങൾ അതിലെ എല്ലാ കക്ഷികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണിയാകുമ്പോൾ നേട്ടവും കോട്ടവുമുണ്ടാകും. അത് എല്ലാ കക്ഷികളും പങ്കിട്ടെടുക്കണമെന്ന് സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാനം പറഞ്ഞു.

നേട്ടം സ്വന്തമാക്കുകയും കോട്ടം ഉണ്ടാവുമ്പോൾ, ഉത്തരവാദിത്വമില്ലെന്ന് പറയുകയും ചെയ്യുന്ന വില കുറഞ്ഞ രാഷ്ട്രീയമല്ല സി.പി.ഐയുടേത്. പരസ്പരം പോരടിച്ചിരുന്ന സി.പി.ഐയും സി.പി.എമ്മും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 1980ൽ ഒരുമിച്ചത്. മുന്നണിയിൽ വിശ്വസ്തതയും കൂറും പുലർത്തിപ്പോകാനാണ് ഇതുവരെയും സി.പി.ഐ ശ്രമിച്ചിട്ടുള്ളത്.

സി.പി.എമ്മിനും സി.പി.ഐയ്ക്കും പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും രാജ്യത്തെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളിൽ യോജിച്ച് നിൽക്കാനാണ് ഇരുപാർട്ടികളും തീരുമാനിച്ചത്. ശക്തിയുള്ളവന്റെ അഭിപ്രായമാണ് സമൂഹം പരിഗണിക്കുക. സംസ്ഥാനത്ത് സി.പി.ഐ വളരുകയാണ്. സംഘടന കെട്ടുറപ്പുള്ളതായാലേ പൊതുസമൂഹത്തിലിടപെടാനാവൂ.

2017ൽ 1.33ലക്ഷം അംഗങ്ങളാണ് സി.പി.ഐക്ക് കേരളത്തിൽ ഉണ്ടായിരുന്നത്.ഇന്നത് 1.77ലക്ഷമായി ഉയർന്നു. 2061പുതിയ ബ്രാഞ്ചുകളുണ്ടായി.

ഹിന്ദുത്വത്തിന്റെ പേരിൽ മറ്റെല്ലാവരെയും അടിച്ചമർത്തുന്ന നയമാണ് ആർ.എസ്.എസിന്റേത്. വർഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരേ രക്തഗ്രൂപ്പാണ്. രാജ്യത്ത് ഇടതുപക്ഷത്തിന് അധികാരമുള്ള കൊച്ചുതുരുത്ത് കേരളമാണ്. രാജ്യത്തെ പാർശ്വവത്കൃത ജനതയോടൊപ്പമുള്ളത് പാർശ്വവത്കരിക്കപ്പെട്ട ഇടതുപക്ഷമാണ്. ആ ഇടതുപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കേരളസർക്കാരിനെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സി.പി.ഐക്കുണ്ട്. ഇടതുപക്ഷത്തിന്റെയാകെ ഐക്യം കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

ബി.ജെ.പിയിലും കോൺഗ്രസിലും ആളുകൾ പരസ്പരം കൂറുമാറുന്നത് റോഡ് മുറിച്ചുകടക്കുന്ന ലാഘവത്തോടെയാണെന്ന് കാനം പരിഹസിച്ചു.