
ലണ്ടൻ : യൂറോപ്പിലെ ഐബീരിയൻ ഉപദ്വീപിൽ മാത്രം ഉഷ്ണ തരംഗത്തിൽ 1,700 ലേറെ പേർ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ ( ബ്ല്യു.എച്ച്.ഒ) യൂറോപ്യൻ ഓഫീസ് അറിയിച്ചു. സ്പെയിന്റെയും പോർച്ചുഗലിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന പർവത പ്രദേശമാണ് ഐബീരിയൻ ഉപദ്വീപ്. ഇരുരാജ്യങ്ങളിലെയും കാട്ടുതീ ചൂടിന്റെ തീവ്രത കൂട്ടുന്നു. സ്പെയിനിൽ ഈ വർഷം ആദ്യം മുതൽ 197,000 ഹെക്ടർ വനഭൂമി കാട്ടുതീയ്ക്കിരയായി.
സ്പെയിനിൽ നാളെയോടെ ഉഷ്ണ തരംഗത്തിന് ശമനമുണ്ടായേക്കുമെന്നാണ് പ്രവചനമെങ്കിലും പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരാം. പോർച്ചുഗലിലും വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നാണ് റിപ്പോർട്ട്. പോർച്ചുഗീസ് നഗരമായ ലെയ്‌റിയയിൽ ജൂലായ് 13ന് 45 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇടവിട്ടുള്ള മഴകൾ ലഭിച്ച ബ്രിട്ടണിൽ ചൂടിന് ശമനമുണ്ട്. എന്നാൽ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ഓഗസ്റ്റിലും ചൂടിൽ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.