abdu-rabb

മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കി നിയമിച്ചതിനെതിരെ പരിഹാസവുമായി മുൻമന്ത്രി അബ്ദുറബ്ബ്. തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെയുള്ള ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നെന്നും, എത്ര വലിയ ശിക്ഷയാണ് നൽകിയിരിക്കുന്നതെന്നും പറഞ്ഞാണ് പരിഹാസം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുറബ്ബിന്റെ പ്രതികരണം. ബഷീർ കൊല്ലപ്പെട്ട സമയത്ത് മുൻ മന്ത്രി എം എം മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഐ എ എസ് ഉദ്യോഗസ്ഥനെന്ന പരിഗണനയൊന്നും നൽകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മണിയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി.

ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത്

മൂന്നിന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ

ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി

തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!

എം.എം.മണി അന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!