
തലയോലപ്പറമ്പ് : മറവൻതുരുത്തിൽ ഷൂട്ടിംഗ് സ്ഥലത്ത് മുഖംമൂടി ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെമ്പ് ക്രാംപള്ളിൽ മിഥുൻ ജിത്തിനെ (31) വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 7 ഓടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് സിനിമ ലോക്കേഷനിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച അഞ്ചംഗം സംഘം മിഥുനെ ഇരുമ്പ് വടിയും പട്ടിക കഷ്ണങ്ങളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഷൂട്ടിംഗ് സൈറ്റിൽ നിന്ന് മറ്റും ആളുകൾ ഓടിയേത്തിയപ്പോഴേക്കും ആക്രമിസംഘം കടന്ന് കളഞ്ഞു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ജൂൺ 24ന് രാവിലെ 11 മണിയോടെ പ്രശസ്ത സിനിമാ സീരിയൽ നടൻ വി.ടി ഖാലിദ് ഇവിടത്തെ ഷൂട്ടിംഗ് സൈറ്റിൽ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചത്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘമാണെന്ന് പറയപ്പെടുന്നു. മിഥുൻഉദയാനാപുരം കൊടുപ്പാടം മേഖലയിലെ കഞ്ചാവ് സംഘത്തിനെതിരെ മുൻപ് പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട് തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.