
ധാക്ക: രാജ്യത്തെ ഹിന്ദു സമൂഹത്തിന് നേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ളാദേശിലെ ഹിന്ദു വിഭാഗക്കാർ രാജ്യത്താകമാനം പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഹിന്ദു സമൂഹത്തിന്എതിരെ നടക്കുന്ന ആക്രമണങ്ങളിലും ഹിന്ദു അദ്ധ്യാപകർ കൊല്ലപ്പെടുന്നതിലും സ്‌ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നതിനുമെതിരെ പ്രതിഷേധം ഇരമ്പി.
ബംഗ്ളാദേശിലെ വാർത്താ ഏജൻസിയായ സംഗ് ബാദ് രാജ്യത്തെ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലുളള പ്രതിഷേധത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചു. അതേസമയം രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് ബംഗ്ളാദേശ് ആഭ്യന്തരമന്ത്രി അസദുസമൻ ഖാൻ അറിയിച്ചിരുന്നു. ബംഗ്ളാദേശ് ദേശിയ മനുഷ്യാവകാശ കമ്മിഷൻ രാജ്യത്തെ ആഭ്യന്തരമന്ത്രാലയത്തോട് ഹിന്ദുക്കൾക്കെതിരായ ആക്രമണം തടയുന്നതിൽ വീഴ്‌ചയുണ്ടോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 'മതേതര രാജ്യത്തിൽ' ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സംഘടന അറിയിച്ചു.
മുസ്ളീം മതത്തെ അപകീർത്തിപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്‌റ്റുകൾ പ്രത്യക്ഷപ്പെട്ടു എന്നാരോപിച്ച് ബംഗ്ളാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ട റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഘടന ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂലായ് 15ന് നരായിയിലെ ലോഹാഗാരയിൽ 18 വയസുകാരൻ ഫേസ്‌ബുക്കിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ജനക്കൂട്ടം ഈ പ്രദേശത്തെ ഹിന്ദു ഭവനങ്ങൾ തീവച്ചിരുന്നു. കൊളേജിലെ വിദ്യാർത്ഥിയായ ആകാശ് സാഹയാണ് പോസ്‌റ്റ് ചെയ്‌തിരുന്നത്. തുടർന്ന് വെളളിയാഴ്‌ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. യുവാവ് ഒളിവിലാണെന്ന വിവരം ലഭിച്ചതോടെയാണ് ജനക്കൂട്ടം ആക്രമാസക്തമായി വീടുകളെല്ലാം തകർത്തത്.
ഒരുകൂട്ടം ആളുകൾ ആക്രമണം നടത്തിയ ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊളളയടിച്ചതായി സ്ഥലത്തെ ഹിന്ദു വിഭാഗക്കാർ പറയുന്നു. അൽപനേരം കഴിഞ്ഞ് മറ്റൊരുവിഭാഗം എത്തിയതായും വീടുകളിൽ ഒന്നുമില്ലെന്ന് കണ്ട് തീയിട്ടതായും അനുഭവസ്ഥർ പറയുന്നു.ആകാശിനെതിരെ ഡിജിറ്റൽ സെക്യൂരിറ്റി ആക്‌ട് അനുസരിച്ച് കേസെടുത്തേക്കും. അതേസമയം ആക്രമണം നടത്തിയവർക്കെെതിരെ കേസെടുത്തിട്ടില്ല.