
ലക്‌നൗ: ട്രക്ക് കയറിയിറങ്ങി മാരകമായി പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ച് നിമിഷങ്ങൾക്കകം മരണപ്പെട്ടു. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.
26കാരിയായ യുവതിയും ഭർത്താവും ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന കാറിനെ വെട്ടിച്ചുമാറുന്നതിനിടെ ഭർത്താവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ യുവതി നിലത്തു വീഴുകയും പുറകിൽ നിന്ന് വന്ന ട്രക്ക് കയറിയിറങ്ങുകയുമായിരുന്നു.
മാരകമായി പരിക്കേറ്റ യുവതി റോഡിൽ തന്നെ പ്രസവിക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. പെൺകുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് രക്ഷപ്പെട്ട ട്രക്ക് ഡൈവർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.