
ഷില്ലോംഗ് : മേഘാലയയിലെ ബിജെപി നേതാവിന്റെ റിസോർട്ടിൽ നടന്ന പൊലീസ് റെയിഡിൽ പ്രായപൂർത്തിയാകാത്ത ആറ് കുട്ടികളെ രക്ഷപ്പെടുത്തുകയും 73 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപി നേതാവ് ബെർണാഡ് എൻ മറാക്കിന്റെ വെസ്റ്റ് ഗാരോ ഹിൽസിലെ റിസോർട്ടിലാണ് ഇന്നലെ റെയിഡ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിമ്പു ബഗാൻ എന്ന ഫാം ഹൗസിൽ റെയിഡിനെത്തിയത്. നാല് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ഫാം ഹൗസിലെ വൃത്തിഹീനമായ മുറികളിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് റെയിഡിൽ റിസോർട്ടിൽ നിന്നും 27 വാഹനങ്ങൾ, എട്ട് ഇരുചക്ര വാഹനങ്ങൾ, നാനൂറോളം കുപ്പി മദ്യം, ഉപയോഗിക്കാത്ത 500ലധികം കോണ്ടം, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. റിസോർട്ടിൽ മുപ്പതോളം ചെറു മുറികളാണ് ഉണ്ടായിരുന്നത്. ബെർണാഡ് എൻ മറാക്കിന്റെ റിസോർട്ടിൽ വേശ്യാവൃത്തി നടക്കുന്നതായി പൊലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. പൊലീസ് സംഘം റെയിഡിനെത്തിയപ്പോൾ നിരവധി യുവതീയുവാക്കൾ ഇവിടെയുണ്ടായിരുന്നു. ഇവരിൽ 68 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടമസ്ഥനായ നേതാവിനോട് ഉടൻ പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാരോ ട്രൈബൽ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബെർണാഡ് എൻ മറാക്ക്.
തന്റെ ഫാം ഹൗസിൽ പൊലീസ് നടത്തിയ റെയിഡിൽ മറാക്ക് മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. ഇത് രാഷ്ട്രീയ പകപോക്കലിനുമുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. മേഘാലയയിൽ സാംഗ്മയുടെ എൻപിപി നേതൃത്വം നൽകുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് ബിജെപി. അടുത്തിടെ പിരിച്ചുവിട്ട തീവ്രവാദ സംഘടനയായ അച്ചിക് നാഷണൽ വോളണ്ടറി കൗൺസിൽ (ബി) യുടെ സ്വയം പ്രഖ്യാപിത ചെയർമാനായിരുന്ന മറാക്കിനെതിരെ 25 ലധികം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.