v-sivankutty

തിരുവനന്തപുരം: മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി അഞ്ചാം ക്ളാസ് വിദ്യാർത്ഥിനികളെ മുതിർന്ന വിദ്യാർത്ഥിനികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംഭവം നടന്നത്.

ആക്രമണം നടത്തിയ വിദ്യാർത്ഥിനികളെ തിരിച്ചറിയാൻ ഇതുവരെ സാധിക്കാത്തതിനാൽ പൊലീസ് നാളെ സ്കൂളിൽ തിരിച്ചറിയൽ പരേഡ് നടത്തും. പരിക്കേറ്റ വിദ്യാർത്ഥിനികളിൽ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് സമൂഹമാദ്ധ്യമത്തിൽ ഇത് സംബന്ധിച്ച് കുറിപ്പും പങ്കുവച്ചിരുന്നു.

സ്കൂളിലെ മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ളാസിലെയും ആറാം ക്ളാസിലെയും വിദ്യാർത്ഥിനികളെ പത്താം ക്ളാസ് വിദ്യാർത്ഥിനികൾ തടയുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മാസ്‌ക് ഇട്ടിരിക്കുകയും യൂണിഫോം ധരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ഇവരെ തിരിച്ചറിയാൻ സാധിക്കാത്തത്. സംഭവത്തെത്തുടർന്ന് കുട്ടികൾക്കുണ്ടായ മാനസികാഘാതം ലഘൂകരിക്കാൻ നാളെ കൗൺസിലിംഗും അധികൃതർ ഒരുക്കിയിട്ടുണ്ട്.

പുതിയ ബ്ളോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന ചെറിയ ക്ളാസിലെ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നതായി രക്ഷിതാക്കൾ പറയുന്നു. എന്നാൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.