murder-case

ബീജിംഗ്: ലൈവ് സ്ട്രീമിംഗിനിടെ വ്ളോഗറെ തീകൊളുത്തി കൊന്ന മുൻ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തെക്കുവടക്കൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലെ ലാമോ യുവതിയാണ് കൊല്ലപ്പെട്ടത്.

ദൗയിൻ എന്ന ചൈനീസ് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് യുവതിക്കുണ്ടായിരുന്നു. തന്റെ നാടിനെയും തന്നെയുമൊക്കെപ്പറ്റി വളരെ രസകരമായ രീതിയിലായിരുന്നു ലാമോ വീഡിയോ അവതരിപ്പിക്കാറ്.

2009 ലായിരുന്നു യുവതിയുടെ വിവാഹം. പൊതുപരിപാടിയിൽ നിന്നടക്കം ഭർത്താവ് യുവതിയെ വിലക്കി, നിരന്തരം മർദിക്കുകയും ചെയ്തിരുന്നു. ഒടുവിൽ 2020 ൽ വിവാഹമോചനം നേടി. ഗാർഹിക പീഡനത്തിനും ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.

എന്നാൽ ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതി യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. 2020 സെപ്തംബർ പതിനാലിന് ഇയാൾ യുവതിയുടെ താമസസ്ഥലത്തെത്തി. ഈ സമയം അടുക്കളയിലിരുന്ന് ലാമോ വീഡിയോ ചെയ്യുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കൊലപാതകം ലൈവായി കണ്ടത്.