parkin

അഞ്ച് വർഷം മുമ്പ് ഒരു ഹാം റോൾ കഴിച്ചതിന് ശേഷം ടൈറോൺ പ്രഡെസിന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. 2017 ഡിസംബറിൽ ബിർമിംഗ്ഹാമിലെ ഒരു ക്രിസ്മസ് മാർക്കറ്റിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സന്ദർശനം നടത്തിയപ്പോൾ അവിടെയുള്ള ഒരു ഫുഡ് കോർട്ടിലെ സ്റ്റാളിൽ നിന്നും ഹാം റോൾ വാങ്ങി കഴിച്ചത് ഇത്രയും പ്രശ്നമാവുമെന്ന് 46 കാരനായ ടൈറോൺ പ്രഡെസ് വിചാരിച്ചതേയില്ല. ഈ ആഹാരം കഴിച്ചതിന് ശേഷം പ്രഡെസിന്റെ ദഹന വ്യവസ്ഥയ്ക്ക് സാരമായ തകരാർ സംഭവിക്കുകയായിരുന്നു. ഹാം റോൾ കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇയാൾക്ക് വയറുവേദന, പനി, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. അഞ്ചാഴ്ചയോളം അദ്ദേഹം കിടപ്പിലായിരുന്നു. എന്നാൽ പിന്നീട് ജിവതം ഗ്യാസ് ട്രബിളിനാൽ ദുർഗന്ധം പരത്തുന്ന ഓർമ്മയായി മാറുകയായിരുന്നു.

അനിയന്ത്രിതമായി അധോവായുവിന്റെ പ്രശ്നം ആരംഭിക്കുകയായിരുന്നു. പകലും രാത്രിയിലും ഈ പ്രശ്നത്താൽ ടൈറോൺ പ്രഡെസ് കഷ്ടപ്പെടുകയാണ്. ഇനിയും സഹിക്കാൻ വയ്യാതായതോടെ താൻ ഭക്ഷണം വാങ്ങിയ സ്റ്റാളിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മദ്ധ്യവയസ്‌കൻ ഇപ്പോൾ. അമിതമായ വായുക്ഷോഭം അനുഭവിക്കുന്നതിനാൽ താൻ വളരെയധികം നാണക്കേട് അനുഭവിക്കുന്നതായി കോടതിയിൽ നൽകിയ പരാതിയിൽ ഇയാൾ പറയുന്നു. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുന്നത് കുടുംബ ജീവിതത്തെയും ബാധിക്കുന്നുണ്ട്.


അതിനാൽ ഒരു കോടിയിലധികം രൂപ ആവശ്യപ്പെട്ടാണ് അദ്ദേഹം സ്റ്റാളിനെതിരെ കേസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഫ്രാങ്ക്ഫർട്ട് ക്രിസ്മസ് മാർക്കറ്റിൽ നിന്നും കഴിച്ച ആഹാരത്തിലൂടെ തനിക്ക് സാൽമൊണെല്ല ബാധിച്ചതായി ടൈറോൺ പ്രഡെസ് അവകാശപ്പെടുന്നു. ഫുഡ് സ്റ്റാൾ ഇതിന് നഷ്ടപരിഹാരം നൽകണം. എന്നാൽ ഈ അവകാശവാദങ്ങൾ ഭക്ഷ്യ കമ്പനി നിഷേധിക്കുകയാണ്. സംഭവത്തെ തുടർന്ന് ബർമിംഗ്ഹാം സിറ്റി കൗൺസിൽ എൻവയോൺമെന്റൽ ഹെൽത്ത് ഓഫീസർമാർ സ്റ്റാളിൽ പരിശോധനകൾക്കായി എത്തിയിരുന്നുവെങ്കിലും സാൽമൊണല്ല കണ്ടെത്തിയില്ല, എന്നാൽ ഇവിടെ നിന്നും ഇ കോളിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.