hero

കൊച്ചി: ​ഇ​ന്ത്യയിലെ ഏറ്റവും വലിയ ടൂവീലർ നിർമ്മാണക്കമ്പനിയായ ഹീറോ മോട്ടോകോർപ്പിന്റെ ശ്രദ്ധേയ മോഡലായ എക്‌സ്‌പൾസ് 200 4വിയുടെ റാലി എഡിഷൻ വിപണിയിലെത്തി.
മികവുറ്റ സസ്‌പെൻഷൻ സംവിധാനവും ഉയർന്ന ഗ്രൗണ്ട് ക്ളിയറൻസും സവിശേഷതകളാക്കിയാണ് റാലി എഡിഷനെത്തുന്നത്. കമ്പനിയുടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ആരംഭിച്ച പുത്തൻ ബൈക്കിന്റെ ബുക്കിംഗ് 29 വരെ നീളും. എത്ര കഠിനമായ ഓഫ്-റോഡുകൾക്കും ഇണങ്ങുംവിധം ഫാക്‌ടറി-ഫിറ്റഡ് റാലി കിറ്റുൾപ്പെടെയാണ് പുത്തൻ എക്‌സ്‌പൾസ് 200 4വി എത്തുന്നത്.
ആകർഷകമാണ് ലുക്ക്. മാറ്റ് നെക്‌സസ് ബ്ളൂ,​ പോളസ്‌റ്റർ ബ്ളൂ,​ സ്പോർട്‌സ് റെഡ് നിറഭേദങ്ങളിൽ പുതിയ മോഡൽ ലഭിക്കും. ഓയിൽകൂളായ,​ 4-സ്‌ട്രോക്ക്,​ 4-വാൽവ്,​ സിംഗിൾ സിലിണ്ടർ ഒ.എച്ച്.സി,​ 199.6 സി.സി എൻജിനാണുള്ളത്. കരുത്ത് 19.1 പി.എസും പരമാവധി ടോർക്ക് 17.35 ന്യൂട്ടൺ മീറ്ററും. ഗിയറുകൾ അഞ്ച്. കിക്ക്,​ സെൽഫ് സ്റ്റാർട്ടുകളുണ്ട്.
മുന്നിൽ ടെലസ്‌കോപ്പിക് ഫ്രണ്ട് ഫോർക്‌സ് - ആന്റി ഫ്രിക്‌ഷൻ ബുഷ്,​ പിന്നിൽ റെക്‌ടാംഗുലർ സ്വിംഗ് ആം - മോണോഷോക്ക് സസ്‌പെൻഷനുകളാണുള്ളത്.മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ കാണാം. 13 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.