
കൊച്ചി: ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് ! ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ എസ്.യു.വി എന്ന പെരുമയുമായി മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര വിപണിയിലെത്തി.
ഇന്ത്യയിൽ നിലവിൽ ഏറ്റവും ജനപ്രീതിയുള്ളതും ഏറ്റവുമധികം വളർച്ചാനിരക്ക് രേഖപ്പെടുത്തി മുന്നേറുന്നതുമായ മിഡ്-സൈസ് എസ്.യു.വി ശ്രേണിയിൽ സാന്നിദ്ധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മാരുതി സുസുക്കി പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാരയ്ക്ക് ബേസ് മോഡലിന് 9.5 ലക്ഷം രൂപയും ടോപ് മോഡലിന് 19.5 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.
മാരുതിയുടെ പ്രീമിയം നെക്‌സ ഷോറൂമുകൾ വഴിയാണ് വില്പന. 11,000 രൂപ നൽകി ഇപ്പോൾ ഗ്രാൻഡ് വിറ്റാര ബുക്ക് ചെയ്യാം. സെലസ്‌റ്റിയൽ ബ്ളൂ, ആർക്ടിക് വൈറ്റ്, ചെസ്‌റ്റ്നട്ട് ബ്രൗൺ, ഗ്രാൻഡ്യൂർ ഗ്രേ, ഒപുലെന്റ് റെഡ്, സ്‌പ്ളെൻഡിഡ് സിൽവർ എന്നീ മോണോടോൺ നിറഭേദങ്ങളിലും ആർക്‌ടിക് വൈറ്റ് മിഡ്നൈറ്റ് ബ്ളാക്ക്, ഒപുലെന്റ് റെഡ് മിഡ്നൈറ്റ് ബ്ളാക്ക്, സ്‌പ്ളെൻഡിഡ് സിൽവർ മിഡ്‌നൈറ്റ് ബ്ളാക്ക് ഡ്യുവൽടോൺ നിറങ്ങളിലും ഗ്രാൻഡ് വിറ്റാര ലഭിക്കും.
1.5 ലിറ്റർ ഇന്റലിജന്റ് ഇലക്‌ട്രിക് ഹൈബ്രിഡ്, 1.5 ലിറ്റർ നെക്‌സ്‌റ്റ് ജെൻ കെ-സീരാസ് ഡ്യുവൽജെറ്റ്, ഡ്യുവൽ വി.വി.ടി എൻജിനുകളാണുള്ളത്; പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയും നെക്‌സ്‌റ്റ് ജെൻ എൻജിനൊപ്പമുണ്ട്.
ആറ് വേരയിന്റുകളാണ് ഗ്രാൻഡ് വിറ്റാരയ്ക്കുണ്ടാവുക - സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ പ്ളസ്, ആൽഫ പ്ളസ് എന്നിവ. സെപ്തംബറിൽ ഗ്രാൻഡ് വിറ്റാര ഉപഭോക്താക്കളിലേക്കെത്തും. വിലയും ഔദ്യോഗികമായി അപ്പോൾ പ്രഖ്യാപിക്കും.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൻ ടൈഗൂൺ, സ്കോഡ കുഷാക്ക്, ടാറ്റ ഹാരിയർ എന്നിവയോടാണ് ഗ്രാൻഡ് വിറ്റാര മത്സരിക്കുക. എസ്-ക്രോസിന്റെ പകരക്കാരനായ ഗ്രാൻഡ് വിറ്റാരയുടെ 'ടൊയോട്ട വേരിയന്റ് " ഹൈറൈഡർ എന്ന പേരിൽ കഴിഞ്ഞദിവസം വിപണിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. മാരുതിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ചതാണ് ഹൈറൈഡർ.