
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്‌ക്ക് മികച്ച ഗായികയ്‌ക്കുളള ദേശിയ പുരസ്‌കാരം ലഭിച്ചതിലുളള എതിർപ്പുകളെ വിമർശിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്‌ണൻ. നാഞ്ചിയമ്മയുടെ പാട്ടിന് ശാസ്‌ത്രീയത്വം പോരെന്ന് പറഞ്ഞവരും ഏത് പരീക്ഷണം കണ്ടാലും തനിമ നഷ്‌ടപ്പെട്ടേ എന്ന് പറയുന്നവരും തമ്മിൽ യാതൊരു ബൗദ്ധിക അകലവുമില്ലെന്ന് ഫേസ്‌ബുക്കിലൂടെ ഹരീഷ് പ്രതികരിച്ചു.
നഞ്ചിയമ്മ എന്ന ഗായിക പാടിയ ഗാനം അവരുടെ സംഗീത ശാഖയിൽ മികച്ച ഒന്നാണ്. ആ ഗാനം തന്മയത്വത്തോടെ ഒരുപക്ഷെ മറ്റാർക്കും പാടാൻ കഴിയില്ല.അതുകൊണ്ട് അവർ അർഹിച്ച അംഗീകാരമാണ് അവർക്ക് ലഭിച്ചത്. ഏറ്റവും നല്ല പിന്നണി ഗായികയാണ് നഞ്ചിയമ്മ എന്നാണ് ജൂറി പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല. ഗോത്രവർഗത്തിൽപെട്ടയാൾക്ക് കൊടുത്ത ഔദാര്യം ആണെന്ന രീതിയിലും ഗോത്രവർഗത്തിൽ പെട്ട ഒരാളെ ഉദ്ദരിക്കാൻ കൊടുത്ത അവാർഡ് എന്ന രീതിയിലുമുളള പ്രതികരണങ്ങളോട് വിയോജിക്കുന്നതായും ഹരീഷ് കുറിച്ചു.
മുൻപ് നഞ്ചിയമ്മയ്‌ക്ക് അവാർഡ് നൽകിയതിനെ സംഗീത സംവിധായകൻ ലിനു ലാൽ എതിർത്തിരുന്നു. ഫോക് സോംഗ് നഞ്ചിയമ്മ രസമായി പാടിയിട്ടുണ്ടെങ്കിലും ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ പാട്ട് എന്നാണ് ലിനു ലാൽ ചോദിച്ചത്. പിച്ച് ഇട്ടുകൊടുത്താൽ അതിനനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്‌ക്ക് കഴിയില്ലെന്നാണ് ലിനു ലാൽ അഭിപ്രായപ്പെട്ടത്.