
അഞ്ജുവിനുശേഷം മെഡലണിയുന്ന ഇന്ത്യൻ താരം
ഒറിഗോൺ: ടോക്യോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടി ഇന്ത്യൻ കായിക ചരിത്രത്തിന് സുവർണ നിമിഷം സമ്മാനിച്ച നീരജ് ചോപ്ര, അമേരിക്കയിലെ ഒറിഗോണിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടി വീണ്ടും രാജ്യത്തിന്റെ അഭിമാനമായി. 2003ൽ ലോംഗ് ജമ്പിൽ വെങ്കലം നേടിയ മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോർജിനുശേഷം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്.
ഇന്നലെ ഫൈനലിൽ തന്റെ നാലാം ശ്രമത്തിൽ 88.13 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് മറ്റൊരു ഇതിഹാസം രചിച്ചത്. 90.54 മീറ്റർ എറിഞ്ഞ ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് സ്വർണം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെഷ് 88.09 മീറ്ററോടെ വെങ്കലം നേടി. ഈയിനത്തിൽ മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് 78.72 മീറ്റർ എറിഞ്ഞ് 10-ാം സ്ഥാനത്തായി. ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്ററാണ് നീരജ് ചോപ്ര എറിഞ്ഞ ദൂരം.
2003ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടിയാണ് അഞ്ജു ബോബി ജോർജ് വെങ്കലം സ്വന്തമാക്കിയിരുന്നത്.
ഫൈനലിൽ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. വെള്ളി നേടാനായതിൽ സന്തോഷമുണ്ട്. അടുത്ത തവണ സ്വർണം നേടണം. ഈ നേട്ടത്തിന് വഴിയൊരുക്കിയ കേന്ദ്ര സർക്കാരിനും പരിശീലകർക്കും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.
- നീരജ് ചോപ്ര
''അഭിനന്ദനങ്ങൾ നീരജ് ...രാജ്യം നിങ്ങളെക്കുറിച്ച് ഒരിക്കൽക്കൂടി അഭിമാനിക്കുന്നു.
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
'' ഒളിമ്പിക്സിനുപിന്നാലെ ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയ നീരജിനെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റ് എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കാം.
- അഞ്ജു ബോബി ജോർജ്