
ഫ്രാങ്ക്ഫർട്ട് : വിമാനയാത്രികരോട് അവരുടെ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിറങ്ങളോടുകൂടിയ ബാഗുകൾ ഉപയോഗിക്കണമെന്ന് ജർമ്മനിയിലെ വിമാനത്താവള അധികൃതർ. വിമാനയാത്രികർ അവരുടെ ലഗേജുകൾ നഷ്ടപ്പെടുന്നതായി പരാതിപ്പെട്ടതോടെയാണ് ഈ വിചിത്ര തീരുമാനം വന്നത്. വർണ്ണാഭമായ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ആശയക്കുഴപ്പം കുറയ്ക്കുമെന്നാണ് അധികൃതരുടെ പക്ഷം. ഇവ എയർപോർട്ട് അറ്റൻഡന്റുകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നും ഫ്രാങ്ക്ഫർട്ട് എയർപോർട്ട് വക്താവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഉടമകൾക്ക് നഷ്ടമായതോ, ലഭിക്കാത്തതോ ആയ സ്യൂട്ട്‌കേസുകളുടെ എണ്ണം രണ്ടായിരത്തിന് അടുത്തെത്തിയിരുന്നു. വിമാനത്താവളത്തിലെത്തുന്ന ലഗേജുകളിൽ ഭൂരിഭാഗവും കറുത്ത നിറമുള്ളതാണ്. വിമാനക്കമ്പനികൾക്കും ബഗേജ് കൈകാര്യം ചെയ്യുന്നവർക്കും ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് എയർപോർട്ട് മേധാവി സ്‌റ്റെഫാൻ ഷൂൾട്ടെ അഭിപ്രായപ്പെടുന്നു. ലഗേജിൽ യാത്രക്കാർ തങ്ങളുടെ പേരും മേൽവിലാസവും പതിക്കണമെന്ന നിർദ്ദേശം വന്നിരുന്നുവെങ്കിലും സുരക്ഷാ മുന്നറിയിപ്പ് നൽകി പൊലീസ് ഈ നീക്കം മരവിപ്പിച്ചു.
കൊവിഡ് കാലത്ത് മിക്ക വിമാന കമ്പനികളും ഗ്രൗണ്ട്സ്റ്റാഫ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിട്ട ചില ജീവനക്കാരെ വീണ്ടും നിയമിക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.