theft-case-

ചെന്നൈ : എഞ്ചിനീയറിംഗ് ബിരുദധാരിയായ ടെക്കി ജോലി നഷ്ടമായതോടെ മോഷണത്തിനിറങ്ങി പിടിയിലായി. തമിഴ്നാട്ടിലെ കൊരട്ടൂരിലാണ് 25 വയസുള്ള ബി ഇ ബിരുദധാരിയായ മൂന്നാർ സ്വദേശി പിടിയിലായത്. അമ്പത്തൂരിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രേംകുമാറിനെ അഞ്ച് മാസം മുൻപാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

ജോലി നഷ്ടമായതോടെ വലിയ സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു യുവാവ്. ഇതാണ് മോഷണത്തിലേക്ക് തിരിയാൻ തീരുമാനിച്ചത്. കുമാർ പാഡിയിലെ എംടിഎച്ച് റോഡിലുള്ള ജുവലറിയിൽ എത്തിയ യുവാവ് അരമണിക്കൂറോളം ആഭരണങ്ങൾ വാങ്ങുന്നതിനായി എടുത്തു നോക്കുകയും, കൂടുതൽ ചെയിനും, വളകളും എടുത്ത് കാണിക്കാൻ ജീവനക്കാരനോട് ആവശ്യപ്പെടുകയുമായിരുന്നു. ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ രണ്ട് പവന്റെ മാല ഇയാൾ പോക്കറ്റിലിട്ടു. തുടർന്ന് അമ്മയോടൊപ്പം വരാം എന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു.

സ്വർണാഭരണങ്ങൾ തിരികെ വയ്ക്കുന്നതിനിടെ മാല നഷ്ടമായത് കണ്ടെത്തിയ ജീവനക്കാരൻ പൊലീസിൽ സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടു. വൈകാതെ കൊരട്ടൂർ പൊലീസ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.