
ഈ വർഷം ജൂൺ 30 വരെ 36 മലയാള സിനിമകൾ ഒ.ടി.ടിയിലും 73 എണ്ണം തിയേറ്ററിലും റിലീസ് ചെയ്തു. തിയേറ്ററിലെത്തിയ 73ൽ ആറെണ്ണം മാത്രമാണെത്രേ മുടക്കുമുതൽ വീണ്ടെടുത്തതെന്ന് ചില സിനിമാ സംഘടനകളുടെ ഭാരവാഹികൾ പരിതപിക്കുന്നതു കണ്ടു. സിനിമ പൊളിഞ്ഞാൽ നഷ്ടം നിർമ്മാതാവിനും വിതരണക്കാരനും തിയേറ്റർ ഉടമകൾക്കും മാത്രമാണെന്നതാണ് പ്രധാന പരാതി.
കഥാപരമായും കലാപരമായും മികച്ച സിനിമകളാണ് മലയാളത്തിൽ ഇറങ്ങുന്നത്. വലിയ തീയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ വളരെ ചുരുക്കം കാഴ്ചക്കാരേ ഉണ്ടാവാറുള്ളൂ .
ഈ നഷ്‌ടക്കണക്കുകളെ കുറിച്ച് പരിതപിക്കുമ്പോൾ അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ച് കൂടി പരാമർശിക്കണം. 150 - 200 രൂപ നൽകി ടിക്കറ്റെടുത്ത് സിനിമാ കാണേണ്ടതുണ്ടോ എന്ന് സാധാരണക്കാർ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ? ആറ് പേരടങ്ങുന്ന കുടുംബം ഒരു സിനിമ കാണാൻ എത്രരൂപ മുടക്കണം? ടിക്കറ്റ് നിരക്ക് കുറച്ചാൽ കൂടുതലാളുകൾ തിയറ്ററിലെത്തും. വ്യാജപതിപ്പിനായുള്ള ശ്രമവും അവസാനിക്കും.
ജോഷി ബി. ജോൺ മണപ്പള്ളി