
കൊൽക്കത്ത: പശ്ചിമബംഗാൾ വ്യവസായ വാണിജ്യ മന്ത്രിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പാർത്ഥ ചാറ്റർജിയെ സ്കൂൾ നിയമന കോഴക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും എതിരെയുള്ള ആയുധമാക്കി ബി.ജെ.പി. അന്വേഷണം സമയബന്ധിതമായി നടത്തണമെന്നും എത്രവലിയ നേതാവായാലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നുമാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പരസ്യ നിലപാട്. മമത ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല.
' മമതയുടെ അടുത്ത അനുയായിയാണെന്നും ഇരുവരും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാമെന്നും ബി.ജെ.പി വക്താവ് അമിത് മാളവ്യ തുറന്നടിച്ചു.
2016ലെ മമത മന്ത്രിസഭയിൽ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷനും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത്.
മന്ത്രിയുമായി അടുപ്പം പുലർത്തിയിരുന്ന നടികൂടിയായ അർപിത മുഖർജിയുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്ത 20 കോടി രൂപയുടെ നോട്ടുകെട്ടുകൾ സ്കൂൾ നിയമനങ്ങൾക്ക് വാങ്ങിയ കോഴയെന്നാണ് ഇ.ഡിയുടെ നിലപാട്. അർപ്പിതയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതേസമയം, ഹൈക്കോടതി നിർദ്ദേശപ്രകാരം നിയമന അഴിമതി സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനു സമാന്തരമായാണ് ഇ.ഡിയുടെ ഇടപെടൽ.
പാർത്ഥ ആശുപത്രിയിൽ
ഇന്നലെ സിറ്റി കോടതിയിൽ ഹാജരാക്കിയ പാർത്ഥ ചാറ്റർജിയെ രണ്ടു ദിവസത്തേയ്ക്ക് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊൽക്കത്ത എസ്.എസ്.കെ.എം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ, സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ സംശയം പ്രകടിപ്പിച്ച് ഇ.ഡി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി. ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
ആശുപത്രി വിട്ടശേഷം മന്ത്രിയെ ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. സഹായി അർപിത ചാറ്റർജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഫയലുകളിൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെന്നാണ് ഇ.ഡിയുടെ വാദം.
അർപിത മുഖർജി
പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയും. ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബംഗാളി സൂപ്പർതാരമായ പ്രൊസെൻജിത് ചാറ്റർജിയോടൊപ്പം രണ്ട് ചിത്രങ്ങളിലഭിനയിച്ചു.
2019ലും 2020ലും പാർത്ഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മറ്റിയായ നക്തല ഉദയൻ സംഘത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകി. അർപിതയുടെ വസതിയിൽ ഇടയ്ക്കിടെ പാർത്ഥ ചാറ്റർജി സന്ദർശിച്ചിരുന്നു. അർപിതയുടെ വീട്ടിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകളും അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ, സംശയാസ്പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇ.ഡി കണ്ടെടുത്തിരുന്നു.