
അഞ്ചുതെങ്ങുകാരി മെറീനയുടെ കാഴ്ച നഷ്ടപ്പെട്ടത് പത്താംവയസിൽ ഒരസുഖത്തിനു കഴിച്ച മരുന്നിന്റെ അലർജി കാരണമായിരുന്നു. ഒരുതരി വെട്ടം പോലും അവശേഷിപ്പിക്കാതെ വിധി പൂർണമായും അവളുടെ സുന്ദരലോകം കവർന്നെടുത്തു. തുടർന്ന് പല ചികിത്സകൾ. തുടരെത്തുടരെയുള്ള അസുഖങ്ങൾ, മെറീനയ്ക്ക് സ്കൂൾ എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവൾ വീടിന്റെ അകത്തളത്തിൽ മനസിൽ ഒരു നൂറായിരം കഥകൾ മെനഞ്ഞു. എഴുതാനും വായിക്കാനും കഴിയാതെ വീർപ്പുമുട്ടി.
പതിവായുള്ള തിരുവനന്തപുരം കണ്ണാശുപത്രി സന്ദർശനത്തിനിടയിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സഹസ്രനാമം മെറീനയെ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ചക്ഷുമതിയുടെ പുനരധിവാസ കേന്ദ്രത്തിലേക്കയച്ചു. എന്റെ മുന്നിലെത്തിയ മെറീനയോടു ഞാൻ ഒരേയൊരു ചോദ്യമേ ചോദിച്ചുള്ളൂ.
'മോൾക്ക് തുടർന്ന് പഠിക്കണോ?"
'അതെ" എന്ന് അവൾ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. അടുത്തദിവസം തന്നെ കമ്പ്യൂട്ടർ വിദ്യാഭ്യാസവും വൈറ്റ് കൈൻ ഉപയോഗിച്ചുള്ള നടത്തവും പഠിക്കാൻ ആരംഭിച്ചു. ഒരു മാസത്തിനകം ഇംഗ്ളീഷിലും മലയാളത്തിലും നല്ലരീതിയിൽ ആത്മവിശ്വാസത്തോടെ അവൾ എഴുതിത്തുടങ്ങി. അവൾ ആദ്യമെഴുതിയത് വർഷങ്ങളായി മനസിൽ രചിച്ച ചെറുകഥകളായിരുന്നു. അവയെല്ലാം ഇപ്പോൾ പ്രതിലിപിയിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. പിന്നെ നാഷണൽ ഓപ്പൺ സ്കൂളിന്റെ പത്താംതരം തത്തുല്യ പരീക്ഷയ്ക്കായി തയ്യാറെടുത്തു. ഈ വർഷം മെറീന പത്താംതരം പരീക്ഷ സ്വന്തമായി കമ്പ്യൂട്ടറിലെഴുതി. ഇന്ത്യയിൽ ആദ്യമായി നാഷണൽ ഓപ്പൺ സ്കൂൾ പരീക്ഷ കമ്പ്യൂട്ടറിൽ പൂർത്തിയാക്കിയ വിദ്യാർത്ഥിയായി. മാത്രവുമല്ല 95 ശതമാനം മാർക്കും കരസ്ഥമാക്കി. സാധാരണ കാഴ്ചയില്ലാത്ത കുട്ടികൾ സ്ക്രൈബിനെ (കേട്ടെഴുത്തുകാരൻ) ഉപയോഗിച്ച് പരീക്ഷയെഴുതുമ്പോൾ, മെറീന സ്വന്തമായി എഴുതി ഉത്തമവിജയം നേടി.
ഇത്തവണത്തെ പ്ളസ് ടു പരീക്ഷയിൽ ഗണിതം, രസതന്ത്രം, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ലിയോണ എന്ന കാഴ്ചപ്രതിബന്ധമുള്ള കുട്ടി സ്വന്തമായി പരീക്ഷയെഴുതി കരസ്ഥമാക്കിയത് മുഴുവൻ മാർക്കോടുകൂടി എല്ലാ വിഷയങ്ങൾക്കും എ പ്ളസ്. തങ്ങൾക്കും സ്വന്തമായി പരീക്ഷ എഴുതാമെന്നു മാത്രമല്ല 1200ൽ 1200 മാർക്കും തൂത്തുവാരാമെന്ന് ഒരിക്കൽപോലും ബ്ളൈൻഡ് സ്കൂളിലോ, ബ്രയിലോ പഠിക്കാത്ത ലിയോണ തെളിയിച്ചിരിക്കുന്നു.
ഹാറൂൺ കരീം രണ്ടു വർഷങ്ങൾക്കു മുൻപ് എസ്.എസ്.എൽ.സി പരീക്ഷയിൽ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി പരസഹായമില്ലാതെ സ്വന്തമായി കമ്പ്യൂട്ടർ ഉപയോഗിച്ച് എഴുതി. ഇംഗ്ളീഷും മലയാളവും ഹിന്ദിയും തുടങ്ങി രസതന്ത്രവും കണക്കും ഉൗർജ്ജതന്ത്രവും എല്ലാം ഇത്തരത്തിലാണ് എഴുതിയത്. ഹാറൂണിനെ പോലെ അനവധി കാഴ്ചാപ്രതിബന്ധങ്ങളുള്ള കുട്ടികൾ ഇപ്പോൾ സ്കൂളിൽ എഴുത്തിനും വായനയ്ക്കും കമ്പ്യൂട്ടറോ, സ്മാർട്ട് ഫോണോ ഉപയോഗിക്കുന്നു. ഇതിനാൽ മറ്റു കുട്ടികളെപ്പോലെ ഇവർ ചെയ്യുന്ന ഓരോ പ്രവൃത്തികളും ടീച്ചറിന് നേരിട്ട് കണ്ട് തെറ്റും ശരിയും നിർണയിക്കാനും പുരോഗതി വിലയിരുത്താനും കഴിയുന്നു.
ഹാറൂണിനൊപ്പം അതേവർഷം സി.ബി.എസ്.ഇ സിലബസിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് പരീക്ഷയെഴുതിയ ഹന്നാ ആലീസ് സൈമൺ എന്ന കൊച്ചുമിടുക്കി ഇപ്പോൾ തന്നെ അമേരിക്കയിലെ ഇന്ത്യാനയിലെ നോർട്ടർഡാം യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കരസ്ഥമാക്കിയെന്ന് പറയുമ്പോൾ സാങ്കേതികവിദ്യ അവരിൽ നൽകിയ ആത്മവിശ്വാസത്തിന്റെ കരുത്ത് വ്യക്തമാകും. ഹാറൂൺ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് അഡ്മിഷൻ ലഭിക്കാനുള്ള പടവുകൾ കയറുകയാണ് ഇപ്പോൾ. ഇവർക്ക് പുറമേ അൻഷി ഫാത്തിമ, വരുൺ കൃഷ്ണ, അതുൽ കൃഷ്ണ എന്നിവരും സ്വന്തമായി കമ്പ്യൂട്ടർ ഉപയോഗിച്ച് പരീക്ഷയെഴുതി ഉന്നത വിജയം കരസ്ഥമാക്കിയതിനു അഭിനന്ദനം അർഹിക്കുന്നു.
ആറാം ക്ളാസിൽ പഠിക്കുമ്പോളായിരുന്നു ആൽഫിൻ അനീഷിന് കാഴ്ച പൂർണമായും നഷ്ടമാകുന്നത്. പക്ഷേ ആറുമാസത്തിനകം കമ്പ്യൂട്ടറിൽ പ്രാവീണ്യം നേടിയ അൽഫിൻ അവന്റെ ആറാംതരം വാർഷിക പരീക്ഷയെഴുതിയതും കമ്പ്യൂട്ടറിലാണ്. ഇപ്പോൾ പൈത്തൺ പ്രോഗ്രാമിങ്ങിൽ തന്റെ മികവ് തെളിയിക്കുകയാണ് ഈ കുട്ടി.
ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ പരിഷ്കരണം മൂന്ന് തരത്തിലായിരിക്കണം. 1. ഡിജിറ്റൽ ആക്സിസിബിൾ കോൺടെന്റ് (പാഠപുസ്തകങ്ങൾ epub 3യിൽ), 2. കമ്പ്യൂട്ടറോ, സ്മാർട്ട് ഫോണോ ഉപകരണമാക്കുക, 3. എല്ലാ അദ്ധ്യാപകർക്കും ഇത്തരം വിദ്യാർത്ഥികൾക്കും സാങ്കേതിക പരിശീലനം നൽകുക. ഈ കുഞ്ഞുങ്ങൾ കാഴ്ചയുള്ള നമുക്ക് വ്യക്തമാക്കിത്തരുന്ന സത്യം കാഴ്ചയില്ലാത്തവർക്കും വായനാപ്രതിബന്ധമുള്ളവർക്കും (ഡിക്സിൽക്സിയ , സെറിബ്രൽ അസുഖങ്ങൾ ഉള്ളവർ) വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസം സമൂലമായി മാറേണ്ട കാലം എന്നേ കഴിഞ്ഞെന്നാണ്.
( ലേഖകൻ സ്വതന്ത്ര പത്രപ്രവർത്തകനും, വായനാപ്രതിബന്ധമുള്ള കുട്ടികളുടെ പഠനം അസിസ്റ്റീവ് ടെക്നോളജിയിലൂടെ സാദ്ധ്യമാക്കുന്ന സന്നദ്ധ സംഘടനയായ ചക്ഷുമതിയുടെ സ്ഥാപകനുമാണ് )