
കൊച്ചി: കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21 സാമ്പത്തികവർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കുതിച്ചുയർന്നത് 70 ശതമാനം. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ൽ ലാഭം 35 ശതമാനം ഇടിഞ്ഞിരുന്നു. കൊവിഡ് കാലത്ത് പ്രവർത്തനച്ചെലവ് കുറഞ്ഞതും പലിശനിരക്ക് എക്കാലത്തെയും താഴ്‌ന്നനിരക്കിൽ തുടർന്നതുമാണ് 2020-21ൽ ലാഭം കൂടാൻ മുഖ്യകാരണം. അസംസ്കൃത വസ്തുക്കളുടെ വിലക്കുറവും തുണച്ചു.
2019-20ലെ 0.93 ലക്ഷം കോടി രൂപയിൽ നിന്ന് 1.58 ലക്ഷം കോടി രൂപയിലേക്കാണ് 2020-21ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം മെച്ചപ്പെട്ടത്. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കാണിത്. അതേസമയം, വരുമാനം 1.3 ശതമാനം താഴ്‌ന്ന് 24.26 ലക്ഷം കോടി രൂപയായി. പെട്രോളിയം (റിഫൈനറി, മാർക്കറ്റിംഗ്), ഗതാഗതം, ചരക്കുനീക്കം മേഖലകളുടെ തളർച്ചയാണ് വരുമാനത്തെ ബാധിച്ചത്.
ലാഭത്തിൽ മുഖ്യപങ്ക് വഹിച്ചത് പൊതുമേഖലാ എണ്ണവിതരണ, റിഫൈനിംഗ് കമ്പനികളാണ്. 3,000 കോടി രൂപയിൽ നിന്ന് 54,000 കോടി രൂപയിലേക്ക് എണ്ണക്കമ്പനികളുടെ ലാഭം മുന്നേറി. ഏറ്റവുമധികം ലാഭം കുറിച്ച പൊതുമേഖാ സ്ഥാപനം ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്; 21,836 കോടി രൂപ. ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) 19,042 കോടി രൂപയും എൻ.ടി.പി.സി 13,770 കോടി രൂപയും ലാഭം കുറിച്ചു.
നഷ്‌ടം കുറിച്ചവയിൽ മുന്നിൽ ബി.എസ്.എൻ.എല്ലാണ്. 7,453 കോടി രൂപയാണ് 2020-21ൽ കമ്പനിയുടെ നഷ്‌ടം. എയർ ഇന്ത്യ 7,017 കോടി രൂപയും ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് 2,717 കോടി രൂപയും നഷ്‌ടം നേരിട്ടു. കൊവിഡിൽ ജീവനക്കാരുടെ കുറവും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നേട്ടമായി. കമ്പനികളുടെ മൊത്തം വേതനച്ചെലവ് 2019-20ലെ 1.56 ലക്ഷം കോടി രൂപയിൽ നിന്ന് 2020-21ൽ ആറ് ശതമാനം കുറഞ്ഞ് 1.47 ലക്ഷം കോടി രൂപയിലെത്തി.
കുതിച്ചും കിതച്ചും
2020-21ൽ 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കാഴ്‌ചവച്ച പ്രകടനം:
ലാഭം : ₹1.58 ലക്ഷം കോടി, വളർച്ച : +70%
വരുമാനം : ₹24.26 ലക്ഷം കോടി, വളർച്ച : -1.3%
ലാഭവിഹിതം : ₹0.74 ലക്ഷം കോടി, വളർച്ച : +2.4%
വേതനച്ചെലവ് : ₹1.47 ലക്ഷം കോടി, വളർച്ച : -6.0%