fire

വാഷിംഗ്ടൺ : ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ യു.എസിലും ചൂട് കൂടുന്നു. കാലിഫോർണിയയിലെ യോസമിറ്റി നാഷണൽ പാർക്കിന് സമീപം കാട്ടിതീ വ്യാപിച്ചതോടെ മാരിപോസ കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രദേശത്തെ 6,000ത്തോളം പേരെ ഒഴിപ്പിച്ചു. ഇതുവരെ 12,000 ഏക്കർ പ്രദേശവും പത്ത് വീടുകളും ഏതാനും വാഹനങ്ങളും കത്തി നശിച്ചു. 35.5 ഡിഗ്രി സെൽഷ്യസായിരുന്നു മാരിപോസ കൗണ്ടിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.

അതേ സമയം, തെക്ക് പടിഞ്ഞാറൻ ഫ്രാൻസിൽ പാരീസ് നഗരത്തിന്റെ ഇരട്ടി വിസ്തൃതിയിലുള്ള വനമേഖലയിൽ ആളിപ്പടർന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. 1,000ത്തിലേറ അഗ്നിശമന സേനാംഗങ്ങൾ ഇവിടെ തുടരുന്നുണ്ട്. ഏകദേശം 36,750 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിൽ 12,000ത്തിലേറെ പേർ മടങ്ങിയെത്തി.

സ്പെയിനിൽ കാട്ടുതീ മൂലം അടച്ച വടക്ക് - പടിഞ്ഞാറൻ സമോറ പ്രവിശ്യയിലെ പ്രധാന ഹൈവേ വീണ്ടും തുറന്നു. ഈജിയൻ കടലിലെ ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ പർവത പ്രദേശത്ത് നിന്ന് ആരംഭിച്ച കാട്ടുതീ ടൂറിസ്റ്റുകൾ നിറഞ്ഞ ബീച്ച് റിസോർട്ടിലേക്ക് വ്യാപിച്ചത് ആശങ്ക സൃഷ്ടിച്ചു. നൂറുകണക്കിന് ടൂറിസ്റ്റുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.

അതേ സമയം, കഴിഞ്ഞാഴ്ച റെക്കോഡ് ഉഷ്ണതരംഗം നേരിട്ട ബ്രിട്ടണിൽ ഈ ആഴ്ച ചൂട് ക്രമാതീതമായി ഉയരില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂടും ഇടവിട്ട മഴയും തുടരും.