
ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസ് നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ 5,360 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 5,195 കോടി രൂപയേക്കാൾ 3.2 ശതമാനം അധികമാണിത്. കഴിഞ്ഞവർഷത്തെ നാലാംപാദമായ ജനുവരി-മാർച്ചിലെ 5,686 കോടി രൂപയെ അപേക്ഷിച്ച് ലാഭം 5.7 ശതമാനം കുറഞ്ഞു.
വരുമാനം വാർഷികാടിസ്ഥാനത്തിൽ 27,896 കോടി രൂപയിൽ നിന്ന് 24 ശതമാനം മെച്ചപ്പെട്ട് 34,470 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായുള്ള ഇൻഫോസിസിന്റെ മൊത്തം വരുമാനത്തിൽ 61.8 ശതമാനവും അമേരിക്കയിൽ നിന്നാണ്. യൂറോപ്പ് (25 ശതമാനം), ഇന്ത്യ (2.6 ശതമാനം), മറ്റ് രാജ്യങ്ങൾ (10.6 ശതമാനം) എന്നിങ്ങനെയുമാണ് വരുമാനവിഹിതം.