
കൊളംബോ : ശ്രീലങ്കയിൽ പ്രസിഡന്റിന്റെ ഓഫീസ് ഇന്ന് മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും. മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ ജൂലായ് 9ന് കൈയ്യേറിയ പ്രസിഡന്റ് ഓഫീസ് അടക്കമുള്ള കൊളംബോയിലെ സർക്കാർ കെട്ടിടങ്ങൾ റെനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ശ്രീലങ്കൻ സൈന്യവും പൊലീസും തിരിച്ചുപിടിച്ചിരുന്നു.
പ്രക്ഷോഭകാരികൾ വരുത്തിയ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഓഫീസിൽ ഫോറൻസിക് വിദഗ്ദ്ധരുടെ പരിശോധന പൂർത്തിയായി. പ്രസിഡന്റ് ഓഫീസിന് ചുറ്റും സുരക്ഷ ശക്തമായി തുടരും. ഓഫീസിന് മുന്നിലെ റോഡ് സുരക്ഷാ സേന കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.
അതേ സമയം, മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയെ അറസ്റ്റ് ചെയ്യണമെന്ന് കാട്ടി സിംഗപ്പൂർ അറ്റോർണി ജനറലിന് മുമ്പാകെ ദ ഇന്റർനാഷണൽ ട്രൂത്ത് ആൻഡ് ജസ്റ്റിസ് പ്രോജക്ട് എന്ന സംഘടന പരാതി നൽകി. ലങ്കയിൽ വർഷങ്ങളോളം നീണ്ട ആഭ്യന്തര സംഘർഷങ്ങളിൽ ഗോതബയ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് നീക്കം. ശ്രീലങ്കയിൽ നിന്ന് കടന്ന് മാലി ദ്വീപിലെത്തിയ ഗോതബയ ജൂലായ് 14 മുതൽ സിംഗപ്പൂരിലാണ്.