
ആദ്യം ടോക്യോ ഒളിമ്പിക്സിലെ സുവർണപീഠം. ഇപ്പോൾ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളിത്തിളക്കം. ഇന്ത്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറിയിരിക്കുകയാണ് നീരജ് ചോപ്രയെന്ന 24കാരൻ. ഇന്നലെ അമേരിക്കയിലെ ഒറിഗോണിലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ നീരജിൽ നിന്ന് വില്ലുപോലെ പറന്നുയർന്ന ജാവലിൻ 88.13 മീറ്റർ ദൂരത്ത് ചെന്ന് തറച്ചപ്പോൾ ഇന്ത്യൻ കായികരംഗത്ത് പൊന്നിന്റെ തിളക്കമുള്ള വെള്ളിമെഡൽ പ്രഭയാണ് പരന്നത്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും മെഡലണിയുന്ന ഇന്ത്യൻ അത്ലറ്റിക്സിലെ ആദ്യ താരോദയമായ നീരജ് 19 വർഷം മുമ്പ് അഞ്ജു ബോബി ജോർജ് നേടിയ ലോക മെഡലിന് ശേഷം ആ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമായി. ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ പുരുഷ മെഡൽ മുത്തത്തിനും അവകാശി നീരജ് എന്ന പട്ടാളക്കാരനാണ്.
നിലവിലെ ലോകചാമ്പ്യനോട് കടുത്ത പോരാട്ടം കാഴ്ചവച്ചാണ് ഇന്നലെ ഒറിഗോണിൽ നീരജ് ചോപ്ര വെള്ളി മെഡലിൽ ഉമ്മ വച്ചത്. ഒളിമ്പിക്സിന് ശേഷം കുറച്ചുനാൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന നീരജ് ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിലും സ്വീഡനിൽ നടന്ന ഡയമണ്ട് ലീഗിലും തന്റെ റെക്കാഡുകൾ തിരുത്തിക്കുറിച്ച് മികച്ച ഫോമിലാണ് ലോക ചാമ്പ്യൻഷിപ്പ് വേദിയിലേക്ക് എത്തിയത്.
യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ എറിഞ്ഞാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഫൈനലിൽ നീരജിന് കടുത്ത മത്സരം സമ്മാനിച്ച് ലോകചാമ്പ്യൻ ഗ്രാനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സും ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെഷും ജർമനിയുടെ ജൂലിയൻ വെബ്ബറുമുണ്ടായിരുന്നു.
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. ആദ്യ ശ്രമത്തിൽ 90.21മീറ്റർ എറിഞ്ഞ ആൻഡേഴ്സൺ മുന്നിലെത്തി. 85.52 മീറ്റർ കടന്ന് വാദ്ലെഷും 86.86 മീറ്റർ പിന്നിട്ട് വെബ്ബറും നീരജിനെ മറികടന്നു. രണ്ടാം ശ്രമത്തിൽ 90.46 മീറ്റർ എറിഞ്ഞ ആൻഡേഴ്സൻ സ്വർണം ഉറപ്പാക്കിയിരുന്നു. രണ്ടാം ശ്രമത്തിൽനീരജിന് പിന്നിടാനായത് 82.39 മീറ്റർ മാത്രം.ഇതോടെ നാലാം സ്ഥാനത്തായി. പിന്നാലെ 87.23 മീറ്റർ എറിഞ്ഞ് വാദ്ലെഷ് രണ്ടാമതെത്തി. വെബ്ബർ പക്ഷേ 71.88 മീറ്ററിൽ ൽ ഒതുങ്ങി. മൂന്നാം ശ്രമത്തിൽ ആൻഡേഴ്സന് 87.21മീറ്ററേ എറിയാനായുള്ളൂ.മൂന്നാം ശ്രമത്തിൽ 86.37 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനം നിലനിറുത്തിയ നീരജ് നാലാം ശ്രമത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയതോടെ വാദ്ലെഷിനെ മറികടന്ന് രണ്ടാം സ്ഥാത്തേക്ക് എത്തി. നീരജിന്റെ അഞ്ചും ആറും ശ്രമങ്ങൾ ഫൗളായി. വാദ്ലെഷിന് പിന്നീടുള്ള മൂന്ന് ശ്രമങ്ങളിലും നീരജിനെ മറികടക്കാനായില്ല. വെബ്ബറിനും ഈ ദൂരം പിന്നിടാൻ സാധിക്കാതിരുന്നതോടെ നീരജ് വെള്ളിത്തിളക്കത്തിലേക്കെത്തി.
പടയോട്ടങ്ങൾ എറെക്കണ്ട ചരിത്ര നഗരമായ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് നീരജ് ചോപ്രയുടെ സുവർണ യാത്രയുടെ തുടക്കം. പാനിപ്പതിൽ നിന്ന് 15 കിലോമീറ്രർ മാത്രം അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടു കടുംബത്തിൽ 1997 ഡിസംബർ 24നാണ് നീരജിന്റെ ജനനം. നീരജിന്റെ പിതാവ് സതീഷ് കുമാർ ഒരു കർഷകനാണ് അമ്മ സരോജ വീട്ടമ്മയും. അന്ന് 17 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലെ കുട്ടികളിൽ മുതിർന്നവൻ നീരജായിരുന്നു.അതിനാൽ മുത്തശ്ശിയുമായി ഏറെ അടുപ്പത്തിലായിരുന്നു കുട്ടിക്കാലത്ത് നീരജ്. മുത്തശ്ശി നീരജിന് രുചികരമായ ഭക്ഷണ സാധനങ്ങൾ നൽകി. എന്നാൽ ഇങ്ങനെ തിന്ന് തിന്ന് 11 വയസിൽ നീരജിന് 80 കിലോ ഭാരമായി. അതോടെ സ്കൂളിലെ കൂട്ടുകാർ അവനെ ടെഡി ബിയർ എന്നും പൊണ്ണത്തടിയനെന്നും വിളിച്ച് കളിയാക്കി. അതോടെ ഭാരം കുറയ്ക്കാനായി നീരജ് പാനിപ്പത്തിലുള്ള ജിമ്മിൽ പോയി.
ഇതിനിടെയാണ് ശിവാജി പാർക്കിൽ ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്ലറ്റുകളെ നീരജ് കാണുന്നത്. ഇതോടെ ജാവലിനോട് നീരജിന് ഇഷ്ടം തോന്നുകയായിരുന്നു. കുട്ടിയുടെ വണ്ണം കുറയ്ക്കാൻ അത്ലറ്രിക്സിന് വിടുന്നത് നല്ലതാണെന്ന് കുടുംബാംഗങ്ങൾക്കും തോന്നി. അവരും നീരജിന്റെ ഇഷ്ടത്തിന് ഒപ്പം നിന്നു. ജാവലിൻ ത്രോ താരം ജയ് വീർ നീരജിന്റെ കഴിവ് തിരിച്ചറിയുകയും അവന് പരിശീലനം നൽകുകയും ചെയ്തു. നീരജിന്റെ ഭക്ഷണ ശീലങ്ങളും മാറി. 14-ാം വയസിൽ പഞ്ച്കുളയിലെ സ്പോർട്സ് നേഴ്സറിയിലെത്തി. 2012ൽ ലക്നൗവിൽ വച്ച് ദേശീയ ജൂനിയർ റെക്കാഡോടെ സ്വർണം നേടി.
2016ലെ സൗത്ത് ഏഷ്യൻ അത്ലറ്റിക്സിൽ സ്വർണം നേടിയാണ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധേയനായത്. തൊട്ടുപിന്നാലെ പോളണ്ടിൽ നടന്ന ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -20 ലോക റെക്കാഡോടെ സ്വർണം നേടി. ഒരു ലോകചാമ്പ്യൻഷിപ്പിൽ റെക്കാഡ് കുറിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കാഡ് സ്വന്തമാക്കിയ നീരജ് 2018ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം മറ്റാർക്കും വിട്ടുകൊടുത്തില്ല. തുടർന്നുള്ള വിജയക്കുതിപ്പ് ഒളിമ്പിക്സ് സ്വർണവും കഴിഞ്ഞ് ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ വരെയെത്തി നിൽക്കുന്നു.
വഴിത്തിരിവായ
വിദേശ പരിശീലനം
ഒളിമ്പിക്സിലെ സ്വർണത്തിന് പിന്നാലെ ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിയും ഇന്ത്യയ്ക്ക് സമ്മാനിക്കാൻ നീരജ് ചോപ്രയ്ക്ക് കരുത്തേകിയത് വിദേശത്ത് നിന്ന് ലഭിച്ച വിദഗ്ദ്ധ പരിശീലനം. ജർമ്മൻ ബയോമെക്കാനിക്ക് -വിദഗ്ദ്ധനായ പ്രൊഫസ്സർ എന്നറിയപ്പെടുന്ന ക്ലൗസ് ബാർട്ടോണൈറ്ര്സ്, ഉവെ ഹോൺ, ഡാനി കാൽവർട്ട്, വെർണർ ഡാനിയേൽസ് എന്നിവരിലൂടെയാണ് ഒളിമ്പിക്സ് ചാമ്പ്യനിലേക്ക് നീരജ് വളർന്നത്.
ജാവലിൻ താരം അവന്റെ ശരീരം ഒരു വില്ലായിട്ടാണ് കാണേണ്ടതെന്ന അഭിപ്രായക്കാരനാണ് നീരജിന്റെ നിലവിലെ കോച്ചായ ക്ലൗസ് ബാർട്ടോണൈറ്ര്സ്. വില്ല് എത്രത്തോളം വളയുന്നുവോ അത്രത്തോളം ശക്തി തൊടുത്തുവിടുന്ന അമ്പിനുണ്ടാകും. അതു പോലെ തന്നെ ജാവലിൻ കൂടുതൽ ദൂരത്തിലേക്ക് പറക്കാൻ എറിയുന്നയാളുടെ ശരീരത്തിന്റെ ഇലാസ്റ്റിസിറ്രിക്ക് പ്രധാന പങ്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
നീരജിനെ ഒളിമ്പിക്സിലേക്കും ലോക ചാമ്പ്യൻഷിപ്പിലേക്കും ബാർട്ടോണൈറ്റ്സ് ഒരുക്കിയെടുത്തതും ഈ തിയറി അടിസ്ഥാനമാക്കിയാണ്. 2024 പാരീസ് ഒളിമ്പിക്സിലിൽ സ്വർണം നിലനിറുത്തുകയാണ് നീരജിന്റെയും ക്ലൗസിന്റെയും അടുത്ത ലക്ഷ്യം.
കൈപിടിച്ച്
കാൾവർട്ട്
2016ൽ നീരജ് വരവറിയിച്ച ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലെ റെക്കാഡ് സ്വർണ നേട്ടത്തിന് പിന്നിൽ അന്തരിച്ച ആസ്ട്രേലിയൻ കോച്ച് ഗാരി കാൾവർട്ട് ആയിരുന്നു. 2016ൽ കാൾവർട്ടിന്റെ വരവോടെയാണ് ഇന്ത്യൻ ത്രോ താരങ്ങൾ ഈ ഇനങ്ങളിലെ പുതിയ തന്ത്രങ്ങളും സാങ്കേതിക വശങ്ങളും പഠിച്ചത് തന്നെ. അദ്ദേഹത്തിന്റെ വരവ് തന്നെയാണ് നീരജിന്റെ റെക്കാഡ് നേട്ടത്തിന്റേയും പിന്നിൽ. 2018ൽ ചൈനയുടെ ജാവലിൻ ടീമിന്റെ കോച്ചായിരിക്കെ ബീജിംഗിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു കാൾവർട്ടിന്റെ അന്ത്യം.
കാൾവർട്ട് ഇന്ത്യൻ ടീം അധികൃതരുമായി പിണങ്ങി കരാർ റദ്ദാക്കി പോയപ്പോൾ നീരജിന് കോച്ചില്ലാതെ വന്നിരുന്നു പിന്നീട് നീരജ് വെർണർ ഡാനിയേൽസിനൊപ്പം ജർമ്മനിയിൽ പരിശീലനം നടത്തി. സ്വയം ഭക്ഷണം പാകം ചെയ്തു പരിശീലനം നടത്തിയുമുള്ള ആ കാലം നീരജ് ആസ്വദിച്ചിരുന്നു. കാലിന്റെ ചലനങ്ങൾ മെച്ചപ്പെടുത്താൻ നീരജിനെ സഹായിച്ചത് വെയണറാണ്. കുറച്ചു കാലമേ അത് നീണ്ടുള്ളൂ.
100 മീറ്റർ എറിഞ്ഞ ഉവെ ഹോൺ
2018ലെ കോമൺ വെൽത്ത് ഗെയിംസിന് തൊട്ടുമുൻപാണ് ജർമ്മനിയുടെ ഇതിഹാസ ജാവലിൻ ത്രോ താരം ഉവെ ഹോൺ നീരജിന്റെ പരിശീലകനാകുന്നത്. ലോകത്ത് 100 മീറ്റർ ദൂരം കണ്ടെത്തിയ ഏക ജാവലിൻ ത്രോ താരം എന്ന അപൂർവ റെക്കാഡിനുടമയാണ് ഹോൺ. 1984ലെ ബെർലിൻ ഒളിമ്പിക്സിലാണ് ഹോൺ 104.80 മീറ്രർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം ജാവലിന്റെ രൂപത്തിലും ഭാരത്തിലുമെല്ലാം മാറ്രം വന്നതോടെ ഈ ഇനം പുതിയതായി ആരംഭിക്കാനായിരുന്നു തീരുമാനം. അതുവരെയുള്ള റെക്കാഡുകളെല്ലാം ഇതോടെ പഴങ്കഥയാവുകയും ഹോണിന്റേതും അതിൽ ഉൾപ്പെടുകയും ചെയ്തു. കോമൺ വെൽത്ത് ഗെയിംസിൽ നീരജ് സ്വർണം നേടിയത് ഹോണിന്റെ ഉപദേശത്തിലാണ്. പാട്യാലയിലെ ചൂടിൽ പരിശീലിച്ച ശേഷം ചോപ്രയെ യൂറോപ്പിലെ കാലാവസ്ഥയിലും പരിശീലനം നൽകി ഹോൺ മിടുമിടുക്കനാക്കി എടുത്തു. വിദേശങ്ങളിലാണ് നീരജ് കൂടുതലും പരിശീലിച്ചിട്ടുള്ളത്.