
ബീജിംഗ് : ചൈനയിൽ വ്ലോഗറായ മുൻ ഭാര്യയെ തീകൊളുത്തി കൊല്ലുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലൈവായി പ്രചരിപ്പിക്കുകയും ചെയ്ത ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയമാക്കി. രണ്ട് കുട്ടികളുടെ അമ്മയും ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ഡൗയിനിൽ നിരവധി ഫോളോവേഴ്സുമുണ്ടായിരുന്ന ലാമുവിന്റെ ( 30 ) കൊലപാതകത്തിൽ ഭർത്താവ് ടാംഗ് ലുവിന്റെ വധശിക്ഷ ശനിയാഴ്ചയാണ് നടപ്പാക്കിയത്.
ടാംഗും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇരുവരും 2020 ജൂണിൽ വേർപിരിഞ്ഞിരുന്നു. ടാംഗിൽ നിന്ന് യുവതി വർഷങ്ങളോളം ഗാർഹിക പീഡനം നേരിട്ടിരുന്നു.
പിന്നാലെ സെപ്റ്റംബറിൽ ടാംഗ് സിചുവാൻ പ്രവിശ്യയിലുള്ള യുവതിയുടെ വീട്ടിലെത്തി യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഡൗയിൻ ആപ്പിൽ യുവതി ലൈവ് വീഡിയോ ചെയ്യവെയായിരുന്നു സംഭവം നടന്നത്. 90% പൊള്ളലേറ്റ യുവതി രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു.