iran

ടെഹ്‌റാൻ : ഇറാനിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പരസ്യ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇമാൻ സബ്‌സിക്കാർ എന്ന യുവാവിനെ ശനിയാഴ്ച രാവിലെയാണ് പരസ്യമായി തൂക്കിലേറ്റിയതെന്ന് നോർവെ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടന പറയുന്നു. തെക്കൻ നഗരമായ ഷിറാസിൽ പൊലീസുകാരന്റെ കൊലപാതകം നടന്ന സ്ഥലത്ത് തന്നെയാണ് ഇമാന്റെ വധശിക്ഷ നടപ്പാക്കിയതും.

സംഭവത്തിന്റേതെന്ന് കരുതുന്ന ചില ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇറാനിൽ വധശിക്ഷകൾ ജയിലിനുള്ളിലാണ് നടക്കുന്നതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസുകളിലെ വധശിക്ഷകൾ പൊതുജന മദ്ധ്യേ നടത്തുന്നതായി ആക്ടിവിസ്റ്റുകൾ പറയുന്നു. 2020 ജൂൺ 11 നാണ് ഇറാനിൽ അവസാനമായി പരസ്യ വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് സംഘടന അവകാശപ്പെടുന്നു.

നിലവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വധവുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിൽ നാല് പേർക്കും സമാന ശിക്ഷ ലഭിച്ചേക്കുമെന്ന് കരുതുന്നതായും സംഘടന കൂട്ടിച്ചേർത്തു.

ഇറാനിൽ മനുഷ്യാവകാശ ലംഘനങ്ങളും വധശിക്ഷകളും ക്രമാതീതമായി വർദ്ധിക്കുകയാണെന്നാണ് കണക്ക്.

ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയും കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഭരണകൂടത്തെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ലോകപ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയ്ക്ക് അടുത്തിടെ ആറ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.