
അമൃത്‌സർ: വിമാന യാത്രക്കിടെ എയർഹോസ്റ്റസിനെ ലൈംഗികമായി അധിക്ഷേപിച്ച യാത്രക്കാരനെ വിമാനം നിലത്തിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് ലക്‌നൗവിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എയർഹോസ്റ്റസിനെതിരെ മോശമായി പെരുമാറിയത്. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ഡാനിഷ് എന്നയാളാണ് വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ചത്. ഇയാളെ വിമാനം നിലത്തിറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
യാത്രക്കിടെ ഡാനിഷ് എയർഹോസ്റ്റസുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ എയർ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് എയർ ഹോസ്റ്റസ് പൈലറ്റിനെ അറിയിക്കുകയും അദ്ദേഹം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിക്കുകയും ആയിരുന്നു.
വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ അമൃത്‍സർ വിമാനത്താവളം പൊലീസ് സെക്‌ഷൻ 509 പ്രകാരം കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.