
അത്തോളി (കോഴിക്കോട് ): അത്തോളിയിൽ ഏഴുവയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈനാണ് മരിച്ചത്. കുട്ടിയുടെ അമ്മ മഹൽ ജുമൈല (34) യാണ് അറസ്റ്റിലായത്. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച ഹംദാൻ. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് ഉറങ്ങിക്കിടന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ചെറിയ കുട്ടിയ്ക്ക് ഹൃദയാഘാതം വന്നതിൽ സംശയം തോന്നി ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. അന്വേഷണത്തിൽ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. പ്രതിയെ ഇന്നലെ രാവിലെ 11ഓടെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ജൂമെെല മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു.കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈ.എസ്.പി ഹരിദാസിനാണ് അന്വേഷണ ചുമതല.