cricket

പോർട്ട് ഒഫ് സ്പെയ്ൻ : ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസടിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ത്തിൽ 54 റൺസ് എന്ന നിലയിലാണ്.നായകൻ ശിഖർ ധവാന്റെ (13) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്.

സെഞ്ച്വറി നേടിയ ഓപ്പണർ ഷായ് ഹോപ്പും (115) നായകൻ നിക്കോളാസ് പുരാനും ( 74)ചേർന്നാണ് വിൻഡീസിന്റെ ഇന്നിംഗ്സിന് നങ്കൂരമിട്ടത്. ഓപ്പണിംഗിൽ ഹോപ്പ് കൈൽ മെയേഴ്സിനൊപ്പം(39) ഒൻപത് ഓവറിൽ 65 റൺസടിച്ചു. 10-ാം ഓവറിന്റെ ആദ്യ പന്തിൽ മേയേഴ്സിനെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി ദീപക് ഹൂഡയാണ് സഖ്യം പൊളിച്ചത്. തുടർന്ന് ഷമർ ബ്രൂക്സുമായി ചേർന്ന് ഹോപ്പ് 17-ാം ഓവറിൽ ടീമിനെ 100 കടത്തി. 22-ാം ഓവറിൽ അക്ഷർ പട്ടേൽ ബ്രൂക്സിനെയും അടുത്ത ഓവറിൽ ചഹൽ ബ്രാൻഡൺ കിംഗിനെയും (0) ക്യാപ്ടൻ ധവാന്റെ കയ്യിലെത്തിച്ചതോടെ വിൻഡീസ് 130/3 എന്ന നിലയിലായി. തുടർന്നിറങ്ങിയ ക്യാപ്ടൻ നിക്കോളാസ് പുരാനും ഹോപ്പും ചേർന്ന് പോരാട്ടം തുടരുകയായിരുന്നു.117 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.44-ാം ഓവറിൽ പുരാനെ പുറത്താക്കി ശാർദ്ദൂൽ താക്കൂറാണ് സഖ്യം പൊളിച്ചത്.

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ നിലനിറുത്തിയ ഇന്ത്യൻ ടീം ഇന്നലെ പേസർ ആവേഷ് ഖാന് ഏകദിന അരങ്ങേറ്റത്തിന് അവസരം നൽകി.