sc

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപത് വയസ് ആക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
2017ൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിമമിക്കൽ പ്രായം അറുപത് ആയി സർക്കാ‌ർ ഉയർത്തിയിരുന്നു. ഈ ആനുകൂല്യം ഹോമിയോ ഡോക്ടർമാർക്കും ലഭ്യമാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി ഉയര്‍ത്താന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി. വിരമിക്കൽ പ്രായം സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഉൾപ്പെട്ട കാര്യമാണെന്ന് കാണിച്ചാണ് ഹൈക്കോടതി അന്ന് ഉത്തരവ് റദ്ദാക്കിയത്.