
കോഴിക്കോട് : വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ അഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് ഉത്തരമേഖല ഐ ജി ഡി ജി പിക്ക് സമർപ്പിക്കും. വടകര താഴെ കോലോത്ത് പൊൻമേരി പറമ്പിൽ സജീവൻ (42) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഐ ജിയുടെ കണ്ടെത്തൽ.
വടകര സ്റ്റേഷനിലെ എസ് ഐ നിജീഷ്, എ എസ് ഐ അരുൺ, സി പി ഒ ഗിരീഷ് എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇക്കാര്യവും ഡി ജി പിയെ അറിയിക്കും. സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്നവരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത ശേഷമാണ് ഐ ജി റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം, കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നടപടിക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവ ദിവസം സ്റ്റേഷനിൽ നടന്ന കാര്യങ്ങളെക്കുറിച്ചായിരിക്കും അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുകയെന്നാണ് സൂചന.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കൽ കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ ഇന്നലെ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. പതിനഞ്ച് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സജീവനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും, പിന്നാലെ എസ് ഐ തങ്ങളെ മർദിച്ചെന്നുമാണ് സുഹൃത്തുക്കളുടെ ആരോപണം.