afsheen

ന്യൂഡൽഹി: അപൂർവ രോഗാവസ്ഥയിൽ കഷ്‌ടതകൾ അനുഭവിച്ചിരുന്ന പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടിയെ ഇന്ത്യൻ ഡോക്‌ടർ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ട് വന്നു. ഡൽഹിയിൽ വച്ച് സൗജന്യമായാണ് ഡോക്‌ടർ രാജഗോപാലൻ കൃഷ്ണൻ ഈ പെൺകുട്ടിയെ ചികിത്സിച്ച് ഭേദമാക്കിയത്.

10 മാസം മാത്രം പ്രായമുള്ളപ്പോൾ സഹോദരിയുടെ കൈകളിൽ നിന്ന് അബദ്ധത്തിൽ വീണതിനെ തുടർന്ന് അഫ്‌ഷീൻ ഗുൽ എന്ന പതിമൂന്നുകാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കഴുത്ത് 90 ഡിഗ്രി വളയുകയും ചെയ്തു. ഗുലിന്റെ ബാല്യത്തെ പരിക്ക് സാരമായി ബാധിച്ചു.

afsheen

പന്ത്രണ്ട് വർഷത്തോളം അവളുടെ ജീവിതം വീട്ടിൽ ഒതുങ്ങി. സെറിബ്രൽ പാൾസിയും ബാധിച്ച ഗുലിന് സ്കൂളിൽ പോകാനോ പുറത്ത് കളിക്കാനോ കഴിഞ്ഞിരുന്നില്ല. ഗുലിന്റെ മാതാപിതാക്കൾ അവളെ പല ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

ഗുലിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർത്താ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെ പെൺകുട്ടി ലോകശ്രദ്ധ നേടി. കഴിഞ്ഞ വർഷമാണ് കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തി രാജഗോപാലൻ കൃഷ്ണൻ ഡോക്‌ടറുടെ കീഴിൽ അഫ്ഷീൻ ഗുലിന്റെ ചികിത്സ ആരംഭിച്ചത്.

afsheen

നാല് മേജർ ശസ്ത്രക്രിയകളാണ് പെൺകുട്ടിക്ക് വേണ്ടിവന്നത്. ഫെബ്രുവരിയിൽ ആറുമണിക്കൂറോളം നീണ്ടുനിന്ന പ്രധാന സർജറിയും നടന്നു. ശസ്‌ത്രക്രിയ ഇല്ലായിരുന്നെങ്കിൽ ഗുലിന്‌ അധികകാലം ആയുസുണ്ടാകില്ലായിരുന്നുവെന്ന്‌ ഡോക്‌ടർ വ്യക്തമാക്കി.


അവൾ അൽപ്പം ബലഹീനയാണ്. ഇപ്പോഴും സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. എന്നാൽ അത് കാലക്രമേണ മെച്ചപ്പെടുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രാജ​ഗോപാലൻ കൃഷ്ണൻ ഡോക്ടറാണ് തന്റെ സഹോദരിയുടെ ജീവിതം രക്ഷിച്ചതെന്ന് അഫ്ഷീന്റെ സഹോദരൻ യാഖൂബ് കുംബാർ പറഞ്ഞു.