drowned

മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ യുവാവിനെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭാര്യയും അമ്മായിയമ്മയും അറസ്റ്റിൽ. 30കാരനായ ഗുർദീപ് സിംഗാണ് കൊല്ലപ്പെട്ടത്. ഗുർദീപിന്റെ ഭാര്യ പ്രീതി കൗറും ഇവരുടെ അമ്മ ഷിന്ദർ കൗറുമാണ് അറസ്റ്റിലായത്. മതപരമായ ചടങ്ങുകൾ നടത്താനെന്ന വ്യാജേന കൊണ്ടുപോയ ശേഷം ഗുർദീപിനെ ഇരുവരും ചേർന്ന് കനാലിലേയ്ക്ക് തള്ളിയിടുകയായിരുന്നു.

ഗുർദീപുമായുണ്ടായ തർക്കത്തെ തുടർന്ന് മാസങ്ങളായി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന പ്രീതി രണ്ടാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. കനാലിൽ ഇറങ്ങുന്നതിനിടെ ഗുർദീപ് കാൽ വഴുതി വീണതെന്നാണ് പ്രീതി പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പുറത്തുപോകുന്നതോ നല്ല വസ്ത്രം ധരിക്കുന്നതോ ഭർത്താവിന് ഇഷ്ടമല്ലായിരുന്നുവെന്നും എപ്പോഴും സംശയമായിരുന്നുവെന്നും പ്രീതി പൊലീസിനോട് പറഞ്ഞു. 2017ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.