
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ ദ്രൗപതി മുർമു സത്യപ്രതിജ്ഞാ ചടങ്ങിൽ ധരിച്ചിരുന്ന സാരിയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സഹോദരന്റെ ഭാര്യ സുക്രി സമ്മാനിച്ച തൂവെള്ള നിറത്തിൽ പച്ചയും പിങ്കും ബോർഡർ വരുന്ന സന്താലി സാരിയായിരുന്നു മുർമു ധരിച്ചിരുന്നത്. താൻ സമ്മാനിച്ച സാരി ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന നാത്തൂനെ കാണാൻ മുർമുവിന്‍റെ മകൾക്കും മരുമകനും സഹോദരനുമൊപ്പം സുക്രിയും ചടങ്ങിൽ എത്തിയിരുന്നു. സുക്രി സമ്മാനിച്ച ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമായ സന്താലി സാരിയുടെ പ്രത്യേകതകൾ എന്തൊക്കെയെന്നറിയാം.
സന്താലി ഗോത്രവർഗക്കാരുടെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ബഹ'യിലാണ് ഈ വസ്ത്രം അവർ പ്രധാനമായും ധരിക്കുന്നത്. എന്നിരുന്നാലും മതപരമായ ആഘോഷങ്ങൾക്ക് മാത്രമല്ല മറ്റ് മംഗളകർമങ്ങൾക്കും സന്താലി വസ്ത്രം ധരിക്കാറുണ്ട്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രത്യേകതകൾ
ഒഡീഷയിലെ മയൂർഭഞ്ജിലെ സന്താലി വിഭാഗത്തിൽപ്പെട്ടവർ ധരിക്കുന്ന ഈ വസ്ത്രം വെള്ള നിറത്തിന് പ്രാധാന്യം നൽകിയാണ് ഡിസൈൻ ചെയ്യുന്നത്. കൈത്തറിയിലൂടെയാണ് സന്താലി സാരി നെയ്തെടുക്കുന്നത്. പരമ്പരാഗതമായ ഡിസൈനുകളായിരിക്കും ഇവയിൽ കൂടുതലും ഉൾപ്പെടുത്തുന്നത്. വലിയ ബോർഡറും ഈ സാരിയുടെ പ്രത്യേകതയാണ്. ആകർഷകമായ ഡിസൈനിൽ വരുന്ന സന്താലി വസ്ത്രം പുരുഷന്മാരും ധോത്തിയായി ഉപയോഗിക്കാറുണ്ട്.