post

കൊച്ചി: ഇന്ത്യൻ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ സേവനങ്ങൾ വീട്ടിലെത്തി നൽകുന്ന പദ്ധതി വിപുലമാക്കുന്നതിനായി തപാൽവകുപ്പ് രാജ്യമെമ്പാടും ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നു. കേരളത്തിലും റിക്രൂട്ട്മെന്റ് തുടങ്ങി. ഓരോ പോസ്റ്റ് ഓഫീസ് പരിധിയിലെയും സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. മിനിമം യോഗ്യത പത്താംക്ലാസ്. വയസ്: 18 - 75.

കറസ്പോണ്ടന്റുമാർ കൈയിൽ പണം, സ്മാർട്ട്ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ കരുതണം. ഓരോ ഇടപാടിനും തപാൽ വകുപ്പ് നൽകുന്ന നിശ്ചിത ശതമാനം കമ്മിഷനാണ് വരുമാനം. സമയപരിധി ബാധകമാക്കാതെ എവിടെ നിന്ന് വേണമെങ്കിലും ജോലി ചെയ്യാം. പണമിടപാടുകൾക്ക് താത്പര്യമില്ലാത്തവർക്ക് ഇൻഷ്വറൻസ് പോളിസി ചെയ്യാം. കറസ്പോണ്ടന്മാരുടെ വിശദാംശങ്ങൾ ജില്ല തോറുമുള്ള ഐ.പി.പി.ബി ഓഫീസിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും.

2018ൽ തുടങ്ങിയ ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന് 10 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. പോസ്റ്റ്മാനും ഗ്രാമീണ ഡാക് സേവകരുമാണ് നിലവിൽ പേയ്മെന്റ് ബാങ്ക് സേവനങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ippbonline.in.

കറസ്പോണ്ടന്റുമാർ നൽകേണ്ട സേവനങ്ങൾ

 എ.ഇ.പി.എസ് (ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം): എ.ടി.എം കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം. ആധാർ നമ്പരും വിരലടയാളവും മതി. സൗജന്യ സേവനമാണ്.
 ഡി.എം.ടി (ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ): ഏതു ബാങ്കിലെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാം.
 ഇൻഷ്വറൻസ്: പോസ്റ്റൽ ലൈഫ്, വാഹന ഇൻഷ്വറൻസ്, ഹെൽത്ത് പോളിസി (സ്വകാര്യ മേഖലയുടേത് ഉൾപ്പെടെ).
 സി.എ.ജി (ഗ്രൂപ്പ് ആക്‌സിഡന്റൽ ഗാർഡ്) 299 രൂപയ്ക്ക് 10 ലക്ഷം വരെയുള്ള അപകടമരണ ഇൻഷ്വറൻസ് കവറേജ്.