president

ന്യൂഡൽഹി: രാജ്യം അർപ്പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.'സ്വാതന്ത്ര്യ സമര സേനാനികൾ, ബി ആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, ഓരാേ ദരിദ്രന്റെയും നേട്ടമാണ് തന്റെ പദവി. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ശബ്ദമാകും. രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്കും സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനും സാധിക്കും എന്ന വലിയ സന്ദേശമാണ് തനിക്ക് കിട്ടിയ ഈ പദവി. നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ട പിന്നാക്ക വിഭാഗക്കാർക്ക് തന്നിലൂടെ ഒരു പ്രതിനിധിയുണ്ടായി എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. വനിതാ ശാക്തീകരണമാണ് ലക്ഷ്യം. ദളിത് ഉന്നമനത്തിനായും പ്രവർത്തിക്കും- രാഷ്ട്രപതി പറഞ്ഞു.

president

നേരത്തേ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് മുമ്പാകെ സത്യവാചകം ചൊല്ലിയാണ് മുർമു സ്ഥാനമേറ്റത്. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദ്,ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ,സേനാ മേധാവിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ മുർമു മഹാത്മാ ഗാന്ധി നൽകിയ പാഠങ്ങൾ മുന്നോട്ടുള്ള ഓരോ ചുവടുവയ്പിനും പ്രചോദനമാണെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു.