
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള വേദാന്ത് ഡിയോകട്ടെ എന്ന പതിനഞ്ചുകാരന് അഭിമാനിക്കാൻ ഏറെയുണ്ട്. യുഎസ് ആസ്ഥാനമായുള്ള കമ്പനി സംഘടിപ്പിച്ച വെബ് ഡെവലപ്‌മെന്റ് മത്സരത്തിൽ ഈ മിടുക്കൻ പങ്കെടുത്തുവെന്ന് മാത്രമല്ല വിജയിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ 2,066 വരികളുള്ള കോഡ് പൂർത്തീകരിച്ചാണ് വേദാന്ത് മത്സരത്തിൽ വിജയിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികളെ പിന്തള്ളിയാണ് വേദാന്ത് വിജയിച്ചത്. പിന്നാലെ മുപ്പത്തിമൂന്ന് ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലിയും കമ്പനി വാഗ്ദ്ധാനം ചെയ്തു. എന്നാൽ പതിനഞ്ച് വയസേ ആയിട്ടുള്ളൂവെന്നറിഞ്ഞതോടെ ഓഫർ കമ്പനി പിൻവലിച്ചു.
ഓഫർ പിൻവലിച്ചെങ്കിലും കമ്പനിയിൽ നിന്ന് പ്രോത്സാഹനകരമായ ഒരു സന്ദേശം ഈ മിടുക്കനെ തേടിയെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയായ വേദാന്തിനോട് നിരാശപ്പെടരുതെന്നും, വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബന്ധപ്പെടണമെന്നുമാണ് സന്ദേശത്തിലുള്ളത്.
അമ്മയുടെ ലാപ്‌ടോപ്പിൽ നിന്നാണ് വേദാന്ത് കോഡിംഗ് പഠിച്ചത്. ഇതിനായി നിരവധി ട്യൂട്ടോറിയലുകളിലും പങ്കെടുത്തിട്ടുണ്ട്. അമ്മയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കോഡിംഗ് മത്സരത്തിന്റെ പരസ്യം കണ്ടത്. തുടർന്ന് മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.