ചെന്നൈയിൽ ആരംഭിച്ച ചെസ് ഒളിമ്പ്യാളിൽ പങ്കെടുക്കുകയാണ് ഗ്രാൻഡ് മാസ്റ്റർ എസ്. എൽ നാരായണൻ

എസ്.എൽ നാരായണൻ
മഹാവികൃതികളായ മക്കൾ നാണുവിനെയും പാറുവിനെയും കുറച്ചുനേരമെങ്കിലും അടക്കിയിരുത്താനുള്ള അവസാന ആയുധമായാണ് സുനിൽ ദത്തും ലെയ്നയും ചെസ് ബോർഡ് പുറത്തെടുത്തത്. പക്ഷേ അത് നാണുവിന്റെ ജീവിതം മാറ്റിമറിക്കുന്ന കരുനീക്കമായിരുന്നുവെന്ന് അവർ അപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല. വർഷങ്ങൾക്കിപ്പുറം പഴയ നാണു ഇന്ത്യയിലെ ഏറ്റവും മികച്ച ചെസ് ഗ്രാൻഡ് മാസ്റ്റർമാരിലൊരാളാണ്. ചെന്നൈ മഹാബലിപുരത്ത് 187 രാജ്യങ്ങൾ പങ്കെടുക്കുന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുകയാണ് എസ്.എൽ നാരായണൻ എന്ന വീട്ടുകാരുടെ നാണു.
വർക്കല നെടുങ്കണ്ട സ്വദേശിയായ സുനിൽ ദത്ത് ചെറുകിട കരാർ പണികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. ഭാര്യ ലെയ്ന എൽ.ഐ.സി ഉദ്യോഗസ്ഥയും. സുനിലിനും സഹോദരങ്ങൾക്കും കുട്ടിക്കാലത്ത് ചെസിനോട് ആഭിമുഖ്യമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ലെയ്നയെയും സുനിൽ ചെസ് ബോർഡിനപ്പുറമിരുത്തി. നാരായണന് അഞ്ചുവയസുള്ളപ്പോഴാണ് ആനയും കുതിരയും രാജാവുമൊക്കെ നിറഞ്ഞ ചതുരംഗക്കളം പരിചയപ്പെടുത്തിയത്. എപ്പോഴും വികൃതിയായിരുന്ന പയ്യൻ ചെസ് ബോർഡിന് മുന്നിലെത്തിയാൽപ്പിന്നെ എല്ലാംമറന്ന് അതിൽ ലയിച്ചിരിക്കും. നാരായണന് ഏഴുവയസുള്ളപ്പോൾ തിരുവനന്തപുരത്ത് വൈ.എം.സി.എയിൽ ഒരു ജൂനിയർ ചെസ് മത്സരം നടക്കുന്നതറിഞ്ഞ് ചെന്നു. ആദ്യ മത്സരത്തിൽ മകൻ വിജയം നേടിയപ്പോൾ സുനിൽ ഒരു തീരുമാനമെടുത്തു; മകനെ കാര്യമായി ചെസ് പഠിപ്പിക്കണം.സമ്മാനവും ഏറ്റുവാങ്ങി നേരേ ചെന്നത് സ്റ്റാച്യുവിലെ ബുക്സ്റ്റാളിൽ. അവിടെ നിന്ന് ഒരു ചെസ് ഗൈഡ് വാങ്ങി പഠനത്തിന് തുടക്കമിട്ടു. ആ പുസ്തകം ഇപ്പോഴുമൊപ്പമുണ്ട്.
ചെറുപ്രായത്തിൽതന്നെ ചെസിൽ തന്റെ വഴി വെട്ടിത്തുറക്കുകയായിരുന്നു നാരായണൻ. പത്തു വയസിലെത്തുമ്പോഴേക്കും സംസ്ഥാന ,ദേശീയ മത്സരവേദികളിലെ സ്ഥിരംസാന്നിദ്ധ്യമായി . ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ചെസ് ടൂർണമെന്റിൽ ഗ്രാൻഡ് മാസ്റ്റർ പരിമാർജൻ നേഗിയെ സമനിലയിൽ പിടിച്ചതോടെ ശ്രദ്ധേനേടി .തുടർന്ന് അന്തർദേശീയ വേദികളിൽ കരുക്കൾ നീക്കിത്തുടങ്ങി. 2011ൽ റഷ്യയിൽ നടന്ന ടൂർണമെന്റിനായാണ് ആദ്യ വിദേശപര്യടനം. ഇതിനകം മത്സരങ്ങൾക്കും പരിശീലനത്തിനുമായി അമ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചു.
2014ൽ ദേശീയ ജൂനിയർ ചാമ്പ്യനായ നാരായണൻ ആ സമയത്തെ മുൻനിര ഇന്ത്യൻ താരങ്ങളായ വിഡിത്ത്,അധിബൻ,ശശികിരൺ എന്നിവരെയൊക്കെ അടിയറവ് പറയിച്ച് ഇന്റർനാഷണൽ മാസ്റ്റർ പദവിയിലെത്തി. 2015ൽ ഇന്ത്യയുടെ 41-ാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചരിത്രച്ചുവട്. 2016ൽ നിരവധി അന്താരാഷ്ട്രവിജയങ്ങളാണ് നാരായണനെത്തേടിയെത്തിയത്.കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ജൂനിയർ ഓപ്പൺ ചാമ്പ്യൻഷിപ്പിലും വെള്ളിമെഡലുകൾ, ലോക ജൂനിയറിൽ വെങ്കലം.
സീനിയർ തലത്തിലേക്ക് കടന്നപ്പോഴും വിജയങ്ങൾ നാരായണനൊപ്പമായിരുന്നു. 2017ൽ വേൾഡ് ബ്ളിറ്റ്സ് ചാമ്പ്യനായ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ കർയാക്കിനെയും ഇറ്റാലിയൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനെയയും കീഴടക്കിയത് വലിയ നേട്ടങ്ങളായി.2019ൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ സമനിലയിൽ പിടിച്ചതും സ്പെയ്നിലെ ഇല്ലോബ്രിഗേറ്റ് ഇന്റർനാഷണൽ ടൂർണമെന്റിൽ ജേതാവായതും കരിയറിലെ നാഴികക്കല്ലുകളാണ്. കൊവിഡ് കാലത്ത് ഓൺലൈൻ ടൂർണമെന്റുകളിലും സജീവമായിരുന്നു. ലോക്‌ഡൗണിന് ശേഷം അന്താരാഷ്ട്ര മത്സര വേദികളിൽ തിരക്കേറി. ലാത്‌വിയ, അർമേനിയ, ഇറ്റലി,പോർച്ചുഗൽ ,ജർമ്മനി, ചെക്ക് റിപ്പബ്ളിക് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നടന്ന ടൂർണമെന്റുകളിൽ വിജയങ്ങൾ നേടി.പ്രാഗിൽ ചെക്ക് റിപ്പബ്ളിക്കിന്റെ ചെസ്‌താരം കൂടിയായ മുൻപ്രധാനമന്ത്രിയടക്കം 23 പേരെ ഒരേസമയം നേരിട്ട് തോൽപ്പിച്ചിരുന്നു. തുടർന്ന് ജർമ്മൻ ബുണ്ടസ് ലിഗയിലും പോർച്ചുഗലിൽ നടന്ന ടൂർണമെന്റിലും പങ്കെടുത്ത ശേഷമാണ് ചെന്നൈയിലെ ഒളിമ്പ്യാഡിനായി പറന്നെത്തിയത്.

സ്പോൺസർഷിപ്പില്ല, ജോലിയും
ഈ നേട്ടങ്ങൾക്കിടയിലും നാരായണനെ വിഷമിപ്പിക്കുന്നത് പരിശീലനത്തിനും യാത്രയ്ക്കുമുള്ള വലിയ പണച്ചെലവാണ്.
ബൾഗേറിയക്കാരനായ ച്യുച്ചലേവാണ് ഇപ്പോൾ നാരായണനെ പരിശീലിപ്പിക്കുന്നത്. പ്രമുഖ ഇന്റർനാഷണൽ താരങ്ങളായ ഫാബിയാനോ കരുവാനേയുടെയും അനിഷ് ഗിരിയുടെയും പരിശീലകനാണ് ച്യുച്ചലേവ്. ഒരു ദിവസത്തെ പരിശീലനത്തിന് 400 യൂറോയാണ്(40000ത്തോളം ഇന്ത്യൻ രൂപ ) ചെലവ്. ബൾഗേറിയയിലേക്കുള്ള യാത്രയുടെയും താമസത്തിന്റെയും ചെലവ് വേറെ. മൂന്നുമാസം കൂടുമ്പോഴെങ്കിലും ഒരാഴ്ച പരിശീലനം നേടാൻ ലക്ഷങ്ങൾ വേണ്ടിവരും.
ഗ്രാൻഡ്മാസ്റ്റർ പദവി നേടിയിട്ട് ഏഴുവർഷമായെങ്കിലും സംസ്ഥാന സർക്കാരോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോ നാരായണന് ജോലി നൽകാൻ തയ്യാറായിട്ടില്ല. 2014-16 കാലയളവിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലന സഹായം നൽകിയിരുന്നു. തുടർപരിശീലനത്തിന് സഹായം അഭ്യർത്ഥിച്ച് നാരായണൻ അടുത്തിടെ സംസ്ഥാന കായികമന്ത്രിയെ സമീപിച്ചിരുന്നു. ഈ ഫയൽ ഇപ്പോൾ സ്പോർട്സ് കൗൺസിലിന്റെ പരിഗണനയിലാണ്.

എന്റെ കുടുംബം, എന്റെ കരുത്ത്
ചതുരംഗക്കളരിയിലെ തന്റെ കുതിപ്പിന് കരുത്താകുന്നത് കുടുംബത്തിന്റെ പിന്തുണയാണെന്ന് നാരായണൻ പറയുന്നു." എന്നെ ടൂർണമെന്റുകൾക്ക് കൊണ്ടുപോകാനായി ജോലി ഉപേക്ഷിക്കേണ്ടിവന്നയാളാണ് അച‌്ഛൻ. അമ്മയുടെ ശമ്പളത്തിന്റെ നല്ലൊരു പങ്കും എന്റെ പരിശീലനത്തിനായാണ് ചെലവിട്ടത്. എസ്.ബി.ഐ ഉദ്യോഗസ്ഥയായ സഹോദരി പാർവതിയുടെ വിവാഹനിശ്ചച്ചടങ്ങിൽപ്പോലും മത്സരത്തിരക്കുമൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല. അവൾക്ക് കല്യാണസമ്മാനമായി ഒളിമ്പ്യാഡിലെ മെഡൽ സമ്മാനിക്കണമെന്നാണ് ആഗ്രഹം. " -നാരായണൻ പറയുന്നു.
ഇഷ്ടം ത്രില്ലറുകൾ
ചെസ് ബോർഡിന് മുന്നിൽ ധ്യാനനിരതനാകുന്ന നാരായണന്റെ ഉല്ലാസം സിനിമകളാണ്. മത്സരത്തിന് മുമ്പും ശേഷവും യാത്രകളിൽ സിനിമകൾ കാണും. അൽപ്പം അടിയും ഇടിയുമൊക്കെയുള്ള ത്രില്ലറുകളാണ് ഇഷ്ടം. പ്രിയനടൻ മമ്മൂട്ടി. മാർ ഇവാനിയോസ് കോളേജിൽ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ സീനിയർ ആയിരുന്നെങ്കിലും നാരാണന് താത്പര്യം ഫുട്ബാളിനോട്. മെസിയും ക്രിസ്റ്റ്യാനോയുമല്ല, ചുറുചുറുക്ക്കൊണ്ട് ശ്രദ്ധേയനായ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് ഫേവറിറ്റ്. " എന്റെ ഗെയിമിൽ ആവേശത്തിന് സ്ഥാനമില്ലാത്തതുകൊണ്ട് ഫുട്ബാളിലും സിനിമയിലും അങ്ങനെയുളള കാര്യങ്ങളാണ് ഇഷ്ടം. ആ പഴയ വികൃതിക്കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുള്ളതുകൊണ്ടാവാം അത്.''-ചെറുചിരിയോടെ നാരായണൻ പറയുന്നു.