chinese-fighter-jets

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും ചർച്ചകൾ തുടരുന്നതിനിടെ പ്രകോപനമുയർത്തി ചൈനീസ് യുദ്ധവിമാനങ്ങൾ. ജെ11 ഉൾപ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങൾ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരം പറക്കുകയാണ്.

കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായാണ് ചൈനീസ് വിമാനങ്ങൾ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരമായി പറക്കുന്നത്. ഇന്ത്യൻ പ്രതിരോധസംവിധാനത്തെ പരിശോധിക്കുകയാണ് ഇവരുടെ ലക്ഷ്യം. പത്ത് കിലോമീറ്റർ ഉൾപ്പെടുന്ന കോൺഫിഡൻസ് ബിൽഗിംഗ് മേജർ ലൈൻ വ്യവസ്ഥകൾ ചൈനീസ് വിമാനങ്ങൾ ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. ജൂലായ് 17ന് ചുഷുൽ മോൾഡോ അതിർത്തിയിൽ പതിനാറാമത് ഇന്ത്യ- ചൈന കമാൻഡർതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ഏറ്റവും ഒടുവിലായി പ്രകോപന നടപടികൾ ഉണ്ടായത്.

അതേസമയം, തങ്ങളുടെ ഏറ്റവും വിപുലമായ യുദ്ധവിമാനങ്ങളായ റാഫാൽ, മിഗ് 29, മിറാഷ് 2000 എന്നിവ പറത്തി ചൈനയുടെ പ്രകോപന നീക്കങ്ങൾക്ക് ഇന്ത്യ മറുപടിയും നൽകി. 2020ൽ ചൈന അതിർത്തി വ്യവസ്ഥകൾ ലംഘിച്ചതിന് പിന്നാലെ ലഡാക്കിൽ അടിസ്ഥാന സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

പാശ്ചാത്യ മേഖലയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട ത‌ർക്കങ്ങൾ ക്രിയാത്മകമായി പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ വ്യക്തവും ആഴത്തിലുള്ളതുമായ ച‌ർച്ചകൾ പുരോഗമിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.