
അവയവമാറ്റം ഒഴിവാക്കാൻ പറ്റുന്നതല്ല. പ്രത്യേകിച്ചും കിഡ്നിയുമായി ബന്ധപ്പെട്ട രോഗങ്ങൾ വളരെയധികം വർദ്ധിക്കുന്ന ഇക്കാലത്ത്. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണമാണ്. സ്വകാര്യ ആശുപത്രികളിൽ അവയവമാറ്റം അത്യധികം ചെലവേറിയതുമാണ്. നിയമത്തിന്റെ സങ്കീർണത കാരണം അവയവ മാറ്റത്തിന് അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. അവയവ ദാതാവിനെ കണ്ടെത്തുന്നതും പ്രയാസമുള്ള കാര്യമാണ്. ഇടനിലക്കാർ അവയവ ദാതാവിനെയും അവയവം സ്വീകരിക്കുന്ന വ്യക്തിയെയും ഒരുപോലെ ചൂഷണം ചെയ്യുന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പ്രധാനമായും അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നുവരുന്നത്. ഇതിന് വിധേയമാവുന്നത് സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രോഗികളാണ്. അവയവമാറ്റത്തിനായി പല കാരണങ്ങളാൽ ഏറെക്കാലം കാത്തിരിക്കേണ്ടിയും വരുന്നു. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന അവയവമാറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയരാറുണ്ട്.
കുറഞ്ഞത് 25ലക്ഷം രൂപയെങ്കിലുമില്ലാതെ സ്വകാര്യമേഖലയിൽ കിഡ്നി മാറ്റിവയ്ക്കൽ നടക്കില്ല. കരൾ മാറ്റിവയ്ക്കാൻ അറുപത് ലക്ഷത്തിന് മുകളിൽ ചെലവാകും. അവയവ മാറ്റത്തിന് സഹായധനം തേടിക്കൊണ്ടുള്ള നിരവധി അഭ്യർത്ഥനകൾ സോഷ്യൽ മീഡിയയിലും മറ്റു മാദ്ധ്യമങ്ങളിലും നിത്യവും വരുന്നുണ്ട്. ഇതിന്റെ പേരിൽ പല തട്ടിപ്പുകൾ നടന്നതായും കേസ്സുകളുണ്ട്. ഇൗ സാഹചര്യത്തിൽ അവയവമാറ്റത്തിന് മാത്രമായി ഒരു സർക്കാർ ആശുപത്രി കോഴിക്കോട്ട് സ്ഥാപിക്കാൻ ഗവൺമെന്റ് തീരുമാനിച്ചതായി അറിയിക്കുന്നതാണ് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച സ്വന്തം ലേഖകൻ കെ.എസ്. അരവിന്ദ് എഴുതിയ മുഖ്യവാർത്ത. എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിലെ മരണനിരക്ക് നിലവിൽ വളരെ കൂടുതലാണ്. ഇതൊഴിവാക്കാൻ ആ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകിയേ തീരൂ. അതോടൊപ്പം സ്വകാര്യ ആശുപത്രികളുടെ കൊള്ളയടിക്ക് തടയിടുകയും വേണം. ഇൗ രണ്ട് ലക്ഷ്യങ്ങൾ മുന്നിൽവച്ചാണ് സർക്കാർ സ്വന്തം സ്ഥാപനം തുറക്കാൻ തുനിയുന്നത്.
500കോടി രൂപ ചെലവിട്ടായിരിക്കും കാൻസർ സെന്റർ മാതൃകയിലുള്ള പുതിയ സ്ഥാപനം ആരംഭിക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാർഗൻ ട്രാൻസ്പ്ളാന്റേഷൻ എന്ന പേരിലുള്ള സ്ഥാപനം രാജ്യത്തെ ആദ്യസംരംഭമായിരിക്കും. പോണ്ടിച്ചേരിയിലെ പ്രശസ്തമായ ജിപ്മെർ ആശുപത്രിയിലെ പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ.ബിജു പൊറ്റക്കാട് സമർപ്പിച്ച ശുപാർശയിൽ സർക്കാർ അദ്ദേഹത്തെ സ്പെഷ്യൽ ഒാഫീസറായി നിയമിച്ചാവും സ്ഥാപനം പ്രവർത്തനം ആരംഭിക്കുക. മികച്ചരീതിയിൽ മുന്നോട്ട് പോയാൽ കേരളത്തിന്റെ യശസ് രാജ്യാന്തര രംഗങ്ങളിൽ എത്തിക്കുന്ന പ്രശസ്തമായ മെഡിക്കൽ സ്ഥാപനമായി ഇത് മാറുകതന്നെ ചെയ്യും. അവയവ മാറ്റം മെഡിക്കൽ കോളേജിൽ പല ജോലികൾക്കിടയിൽ നടക്കേണ്ട ഒന്നല്ല. അങ്ങനെ നടക്കുന്നതുകൊണ്ടാണ് കഴിഞ്ഞമാസം കൊച്ചിയിൽ നിന്ന് കൊണ്ടുവന്ന അവയവം രോഗിയിൽ തുന്നിച്ചേർക്കാൻ കാലതാമസമുണ്ടായതും ഒടുവിൽ രോഗിയുടെ ജീവൻതന്നെ നഷ്ടപ്പെടാൻ ഇടയായതും. അവയവമാറ്റത്തിൽ സ്പെഷ്യലെെസേഷൻ നേടിയ പുതിയ ഒരുകൂട്ടം ഡോക്ടർമാരെ സംഭാവന ചെയ്യാനും ഭാവിയിൽ ഇൗ സ്ഥാപനം ഉപകരിക്കാതിരിക്കില്ല. കേരളം തുടങ്ങിവച്ചാൽ മറ്റുസംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇതൊരു പിന്തുടരേണ്ട മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കാം.