
അനധികൃത ഇടപാടുകൾ തടയാൻ പുത്തൻ രീതി ആവിഷ്‌കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഇനി മുതൽ ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) നിർബന്ധമാക്കിയിരിക്കുകയാണ്.
വെെകാതെ മറ്റു ബാങ്കുകളും ഒ.ടി.പി നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാലക്ക നമ്പറാണ് ഒ.ടി.പിയായി ലഭിക്കുക. അനധികൃത ഇടപാടുകൾക്കെതിരായ ഒരു അധിക പരിരക്ഷയായി ഒ.ടി.പി പ്രവർത്തിക്കും.

ഇടപാട് പൂർത്തിയാക്കാൻ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താക്കൾ ഒ.ടി.പി നൽകേണ്ടിവരുമെന്ന് എസ്ബിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 2020 ജനുവരി മുതൽ തന്നെ എസ്.ബി.ഐയിലെ ആവശ്യങ്ങൾക്ക് ഒ.ടി.പി സേവനം ലഭ്യമാണ്.
പതിനായിരത്തിനു മുകളിലുള്ള പണം പിൻവലിക്കലിനാണ് ഒ.ടി.പി നിർബന്ധമാക്കിയത്. എസ്.ബി.ഐയുടെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഡെബിറ്റ് കാർഡും ഒ.ടി.പിക്കായി മൊബൈൽ ഫോണും പക്കൽ ഉണ്ടായിരിക്കണമെന്ന് സാരം.