fruit

കോഴിക്കോട്: മഴക്കാല ഫലവൃക്ഷ കൃഷിയിലേയ്ക്ക് തിരിയുകയാണ് കൂടരഞ്ഞി, കക്കാടംപൊയിൽ തുടങ്ങിയ മലയോരപ്രദേശങ്ങൾ. വെണ്ണപ്പഴം, മാംഗോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയ ഫലങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. തണുപ്പുള്ള പ്രദേശങ്ങളിൽ നന്നായി വളരുമെന്നതും ലോകത്താകമാനം വിപണിയുണ്ടെന്നതുമാണ് ഈ കൃഷി ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കൂടാതെ പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മൂലം പല കർഷകരും വാഴ, കപ്പ കൃഷികൾ നിറുത്തിയിരുന്നു. വാഴ, കപ്പ എന്നി കൃഷികളെ പോലെ തുടർച്ചയായ പരിചരണവും കാവലും വേണ്ട എന്നതും കർഷകരെ ഫലവൃക്ഷ കൃഷിയിലേയ്ക്ക് പ്രേരിപ്പിക്കുന്നു. മധുരമില്ലാത്തതിനാൽ കുരങ്ങന്മാർക്ക് വെണ്ണപ്പഴത്തോട് വലിയ താതപര്യമില്ലെന്നാണ് കർഷകർ പറയുന്നത്.

ഫലവൃക്ഷകൃഷിയ്ക്കും കൃഷി ഭവൻ സ്റ്റേറ്റ് ഫോൾട്ടി കർച്ചർ മിഷന്റെ വിവിധ സ്കീമുകളിൽപ്പെടുത്തി സബ്സിഡികൾ, ഫാം ടൂറിസത്തിനുള്ള സബ്സിഡികൾ, പഞ്ചായത്തുമായി ചേർന്ന് തൈ വിതരണം, ഒരു കോടി ഫലവൃക്ഷ തൈകളിൽപ്പെടുത്തിയുള്ള തൈവിതരണം തുടങ്ങി കർഷകരെ സഹായിക്കുന്ന നിരവധി പദ്ധതികൾ നൽകുന്നുണ്ട്. ഈ വർഷം ഇതുവരെ ജനകീയാസൂത്രണ പഞ്ചായത്ത് പദ്ധതിയിൽപെടുത്തി 2000ത്തോളം വെണ്ണപ്പഴ തൈകളാണ് വിതരണം ചെയ്തത്.

ഒരു ഹെക്ടറിൽ 200 മരങ്ങൾ വരെ വളർത്താമെന്നതും കിലോയ്ക്ക് 150- മുതൽ 200 രൂപ വരെ വില ലഭിക്കുമെന്നതും കർഷകരെ മാംഗോസ്റ്റിൻ കൃഷിയിലേയ്ക്ക് ആകർഷിക്കുന്നു. ഒരു ഹെക്ടറിൽ 265 വെണ്ണപ്പഴ മരങ്ങൾ വരെ വളർത്താം. കിലോയ്ക്ക് 80 രൂപ മുതൽ 200 രൂപവരെ വില കിട്ടും. റംബൂട്ടാൻ ഒരേക്കറിൽ 30 മരങ്ങൾ വളർത്താം. ഓഫ് സീസണിൽ വിളവെടുക്കാമെന്നതിനാൽ ഹൈറേഞ്ചിലെ റംബുട്ടാന് മെച്ചപ്പെട്ട വില ലഭിക്കും. 100 -200 വരെയാണ് വില. 5 - 8 വർഷത്തിനുള്ളിൽ ഇവയെല്ലാം നല്ല വിളവ് നൽകിതുടങ്ങും.

@ കർഷകർ ഇപ്പോൾ കൂടുതലായും വെണ്ണപ്പഴം, മാംഗോസ്റ്റിൻ, റംബൂട്ടാൻ കൃഷിയിലേയ്ക്ക് തിരിയുന്നുണ്ട്. ഫലവൃക്ഷതൈകളും സബ്സിഡിയും കൃഷി ഭവൻ വിവിധ പദ്ധതികൾ മുഖേന നൽകുന്നുണ്ട്. ഹൈറേഞ്ച് കാലാവസ്ഥ ആയത് ഈ കൃഷികൾക്ക് അനുയോജ്യവുമാണ്.

മിഷേൽ ജോർജ്

കൃഷി അസിസ്റ്റന്റ്, കൂടരഞ്ഞി കൃഷി ഭവൻ

@ സ്വന്തമായി വിൽക്കുന്നത് കൊണ്ട് 40- 45 രൂപ വരെ ലാഭമുണ്ട്. വിളവിന് 6-8 വർഷം വേണ്ടതിനാൽ ഉത്പാദനം തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സമീപത്തുള്ള പല കർഷകരും മറ്റ് കൃഷികൾ ഉപേക്ഷിച്ച് ഫലവൃക്ഷ കൃഷിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. വളപ്രയോഗവും താരതമ്യേനെ കുറവ് മതി.

അബ്രാഹം ജോസഫ്,

മാംഗോസ്റ്റിൻ കർഷകൻ, കൂടരഞ്ഞി