elon-musk

ഗൂഗിൾ സഹസ്ഥാപകനും ലോകത്തിലെ സമ്പന്നരിൽ ആറാമനുമായ സെർജി ബ്രിന്നിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ഈ വർഷമാദ്യം ദമ്പതികൾ വേർപിരിഞ്ഞതിന്റെ കാരണം മസ്‌കുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മസ്‌കും ദീർഘകാല സുഹൃത്തായ ബ്രിന്നിന്റെ ഭാര്യയുമായ നിക്കോൾ ഷനഹാനും പ്രണയത്തിലായിരുന്നെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് മസ്‌കും ബ്രിന്നും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമെന്നും പറയപ്പെടുന്നു.

എന്നാൽ വാർത്തകൾ നിഷേധിച്ച മസ്‌ക് താനും ബ്രിന്നും സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം രാത്രിയും ബ്രിന്നുമൊത്ത് പാർട്ടിയിൽ പങ്കെടുത്തിരുന്നു. മൂന്ന് വർഷത്തിനിടെ നിക്കോളിനെ രണ്ട് പ്രാവശ്യം മാത്രമാണ് കണ്ടിട്ടുള്ളത്. അതും ചുറ്റും ആളുകൾ ഉണ്ടായിരുന്നപ്പോൾ. അതൊരിക്കലും പ്രേമബന്ധമായിരുന്നില്ല. സ്വഭാവഹത്യയും സമാന ആക്രമണങ്ങളും ഇപ്പോൾ പുതിയ തലത്തിൽ എത്തിനിൽക്കുകയാണ്. താൻ മണിക്കൂറുകളോളം കഠിനമായി പ്രവർത്തിക്കുന്നതിനാൽ ഇത്തരം കാര്യങ്ങൾക്കായി സമയമില്ല'-മസ്‌ക് പറഞ്ഞു.

കഴിഞ്ഞ വർഷം മിയാമി ബീച്ചിൽ നടന്ന കലാമേളയ്ക്കിടെയാണ് മസ്‌കും നിക്കോളും തമ്മിൽ പ്രണയത്തിലായതെന്ന് വാൾ സ്ട്രീറ്റ് ജേണലിലെ റിപ്പോർട്ടിൽ പറയുന്നു. ഇത് കണ്ടെത്തിയതോടെയാണ് ബ്രിൻ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങിയതെന്നുമാണ് മാദ്ധ്യമ റിപ്പോർട്ട്.