theft

മൂന്നാർ: ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് കടന്നുകളഞ്ഞ വീട്ടമ്മയെ ചെന്നൈയിലെ ഫ്‌ളാറ്റിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തു.ചെന്നൈ റോയ പുരം സ്വദേശിനി രഹാന ഹുസൈൻ ഫറൂക്ക് (47) ആണ് അറസ്റ്റിലായത്.ഇവരിൽനിന്നും മോഷണമുതലായ 38 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളും കണ്ടെടുത്തു.

കഴിഞ്ഞ 16നാണ് ജി.എച്ച്. റോഡിലെ ഐഡിയൽ ജുവലറിയിൽനിന്നും ഇവർ സ്വർണം തട്ടിയെടുത്ത് കടന്നത്‌.കോയമ്പത്തൂർ സ്വദേശിയാണെന്നും മലേഷ്യയിൽ സ്ഥിര താമസമാണെന്നും കടയിലുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.രാവിലെ കടയിലെത്തിയ ഇവർ മൂന്ന് ജോഡി കമ്മലും ഒരു കൈ ചെയിനും വാങ്ങിയ ശേഷം ബിൽ തുകയായ 78000 രൂപ ന ൽകി. ഇതിനു ശേഷം അഞ്ച് പവൻ തൂക്കം വരുന്ന മറ്റൊരു മാല, വൈകിട്ട് ഭർത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാൻസും നൽകിയ ശേഷം പോയി. രാത്രിയിൽ കടയിലെ സ്‌റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് മാലകൾ കുറവുള്ളതായി കണ്ടെത്തിയത്.തുടർന്ന് കടയിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയിലെ ജീവനക്കാരുടെ ശ്രദ്ധ മാറുന്ന സമയത്ത് മാലകൾ അതിവിദഗ്ധമായി കൈക്കലാക്കി കൈയിലിരുന്ന ബാഗിൽ ഇടുന്നത് കണ്ടെത്തിയത്.തുടർന്ന് കടയുടമ പൊലിസിൽ പരാതി നൽകി.

ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്പോ ട്രാവലറിൽ കയറി പോകുന്നത് കണ്ടത്.തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച രാത്രി ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്ളാറ്റില്‍നിന്നാണ് മൂന്നാര്‍ പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.മൂന്നാർ ഡിവൈ.എസ്.പി.കെ.ആർ.മനോജിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഓ. മനേഷ്.കെ.പൗലോസ്, എസ്.ഐമാരായ ഷാഹുൽ ഹമീദ്,.കെ. ഡി. മണിയൻ, എസ്.സി.പി.ഒമാരായ വേണുഗോപാൽ പ്രഭു, ടോണി ചാക്കോ, രജ്ഞിനി.വി.ആർ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലെത്തി ഇവരെ അറസ്റ്റു ചെയ്തത്.കഴിഞ്ഞ 14 നാണ് പ്രതി രഹാ നയും മകനും ബന്ധുക്കളുമടങ്ങുന്ന പത്തംഗ സംഘം മൂന്നാർ സന്ദർശനത്തിനെത്തിയത്. സന്ദർശന ശേഷം മടങ്ങിയ ശനിയാഴ്ചയാണ് ഇവർ തനിച്ച് ജുവലറിയിലെത്തി മോഷണം നടത്തിയത്. അതിസമ്പന്ന കുടുംബത്തിലെ അംഗമാണ് രഹാന.