
കൊൽക്കത്ത: അറസ്റ്റിലായ ശേഷം പശ്ചിമബംഗാൾ മന്ത്രി പാർഥ ചാറ്റർജി മുഖ്യമന്ത്രി മമത ബാനർജിയെ മൂന്ന് തവണ ഫോണിൽ വിളിച്ചതായി റിപ്പോർട്ട്. പാർഥാ ചാറ്റർജിയുടെ അറസ്റ്റ് മെമ്മോയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ മൂന്ന് തവണ വിളിച്ചിട്ടും മമത ഫോണെടുത്തില്ലെന്നും രേഖകളിൽ പറയുന്നു.
അദ്ധ്യാപക നിയമന അഴിമതിയിൽ കഴിഞ്ഞ ദിവസമാണ് പാർഥാ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്താൽ ആ വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കാൻ അവസരം നൽകാറുണ്ട്. ഈ അവസരത്തിലാണ് പാർഥ മുഖ്യമന്ത്രിയെ വിളിച്ചത്.
ശനിയാഴ്ച പുലർച്ചെ 1.55ഓടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് 2.33ന് പാർഥ മുഖ്യമന്ത്രിയെ വിളിക്കുകയായിരുന്നു. ഫോണെടുക്കാത്തതിനെ തുടർന്ന് പുലർച്ചെ 3.37നും രാവിലെ 9.35നും വിളിച്ചെങ്കിലും രണ്ടുതവണയും ഫോണെടുത്തില്ലെന്നും മെമ്മോയിൽ പറയുന്നു. എന്നാൽ ഇ ഡിയുടെ അറസ്റ്റ് മെമ്മോയിൽ പറയുന്ന കാര്യങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചിരിക്കുകയാണ്.