liquor

തൃശൂർ: പാൽവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ വിദേശമദ്യം പിടികൂടി. തൃശൂർ ചേറ്റുവിൽ പൊലീസ് നടത്തിയ പരിശോധനിലാണ് മദ്യക്കടത്ത് പിടിച്ചത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി. ഓണത്തിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ വില്പന നടത്താനായി കടത്തിക്കൊണ്ടുവന്നതാണ് മദ്യശേഖരമെന്നാണ് പൊലീസ് പറയുന്നത്.

ഓണം ലക്ഷ്യമിട്ട് തിരുവനന്തപുരം ഭാഗത്തേക്ക് വൻതോതിൽ മദ്യംകടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ ഒരുമണിയോടെ നടത്തിയ വാഹന പരിശോധനിലാണ് മദ്യം പിടിച്ചെടുത്തത്. വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാൻഡുകളുടെ 3,600 ലിറ്റര്‍ വിദേശ മദ്യം കടത്താൻ ശ്രമിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. മദ്യം ആരിൽ നിന്ന് വാങ്ങി, ആർക്കൊക്കെ എത്തിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ശേഖരിച്ചുവരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ നേരത്തേയും മദ്യം കടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.