
തിരുവനന്തപുരം: ഓണം കഴിയുന്നതോടെ ശമ്പളം, പെൻഷൻ, സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവ നൽകാൻ നയാപൈസ കയ്യിലില്ലാത്ത അവസ്ഥയിലാവും സംസ്ഥാന സർക്കാർ. കടമെടുപ്പിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിവിധ വെട്ടിക്കുറവുകളും സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നിർത്താനുള്ള തീരുമാനവുമാണ് കേരളത്തിന് തിരിച്ചടിയായത്. ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ടിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെ ഉദ്ദരിക്കുകയും ചെയ്തിട്ടുണ്ട്. “കേന്ദ്രത്തിന്റെ ഫണ്ട് ഒഴുക്ക് വെട്ടിക്കുറച്ചതിൽ ഉടനടി പ്രശ്നമുണ്ടാകില്ല. ശമ്പളം, പെൻഷൻ, സാമൂഹിക സുരക്ഷാ പെൻഷൻ പേയ്‌മെന്റുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയും. എന്നിരുന്നാലും, ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രതിസന്ധിയുണ്ടാകും എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഈ സാമ്പത്തിക വർഷം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന ഫണ്ടിൽ ഏകദേശം 23,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അറ്റവായ്പാ പരിധിയിൽ 14,000 കോടി രൂപയുടെ ഓഫ്-ബജറ്റ് വായ്പകൾ ക്രമീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നരശതമാനം കണക്കാക്കിയാൽ കേരളത്തിന് 32,425 കോടിരൂപയാണ് കടമെടുക്കാവുന്നത്. എന്നാൽ ഇത്രയും തുക അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ക്ഷേമ പെൻഷൻ നൽകുന്ന കമ്പനിയായ സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡും (കെഎസ്എസ്പിഎൽ) കിഫ്ബിയും എടുത്ത വായ്പകൾ സർക്കാരിന്റെ കടമായി കണക്കാക്കുകയും അത് കുറവുചെയ്തുള്ള പണം മാത്രമേ കടമെടുക്കാൻ കഴിയൂ എന്നുമാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. കിഫ്ബിക്കും ക്ഷേമ പെൻഷനുമായി 14,000 കോടി കടമെടുത്തെന്നാണ് സി എ ജിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. വായ്പയിൽ നിന്ന് ഒറ്റയടിക്ക് ഇത്രയും തുക കുറയ്ക്കാതെ ഘട്ടം ഘട്ടമായി നാലുവർഷംകൊണ്ട് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം. അതിനാൽ ഇത്തവണ വായ്പയിൽ ഈ ഇനത്തിൽ 3578 കോടിരൂപ കുറയും. റവന്യൂ കമ്മി ഗ്രാന്റിൽ ഈ വർഷം കേന്ദ്രം 7,000 കോടി രൂപ വെട്ടിക്കുറച്ചിട്ടുണ്ട്. ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നിറുത്തുന്നതിനാൽ ആയിനത്തിൽ ലഭിച്ചുകൊണ്ടിരുന്ന 12,000 കോടി രൂപയും സംസ്ഥാനത്തിന് ലഭിക്കില്ല. ഡിസംബർ വരെ 17,936 കോടി രൂപ മാത്രം കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി, ഇത് കഴിഞ്ഞ വർഷം അനുവദിച്ചതിനേക്കാൾ 5,656 കോടി രൂപ കുറവാണ്.
ഓണക്കാലത്ത് 52.5 ലക്ഷം പെൻഷൻകാർക്ക് മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യണം. ഇതിന് ഏകദേശം 2500 കോടി രൂപ വേണ്ടിവരും. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് , കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പോലുള്ള ഏജൻസികളിൽ നിന്ന് കെഎസ്എസ്പിഎൽ ഇതിനായി തുക വായ്പയെടുക്കുകയാണെങ്കിൽ, അത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയെ കൂടുതൽ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.