wedding

ഹൈദരാബാദ്: മുപ്പത്തിമൂന്നുകാരന് ഒരേസമയം ആറ് ഭാര്യമാർ. അടുത്തടുത്ത വീട്ടുകാരായിരുന്നിട്ടും ഇവർ ആരും പരസ്പരം കാണുകയോ അറിയുകയാേ ഇല്ല. പക്ഷേ, അവസാനം യുവാവ് അഴിക്കുള്ളിലായി. ബോളിവുഡ് സിനിമയിലെ രംഗമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ആന്ധ്രാപ്രദേശിൽ നടന്ന സംഭവം. മംഗളഗിരി സ്വദേശി അടപ ശിവശങ്കര ബാബുവാണ് പൊലീസിനെപ്പോലും ഞെട്ടിപ്പിച്ച വിവാഹതട്ടിപ്പുകാരൻ.

ഭാര്യമാരിൽ ഒരാളാണ് ബാബുവിനെതിരെ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ഇയാളുടെ ഭാര്യമാർക്ക് പരസ്പരം അറിയില്ലെന്ന് വ്യക്തമായതും അപ്പോഴാണ്. മാട്രിമോണിയൽ സൈറ്റുകളിൽ നിന്നാണ് ബാബു ഇരകളെ കണ്ടെത്തുന്നത്. മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുന്ന സാേഫ്ട്‌വെയർ എൻജിനീയർ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്. പണക്കാരായ യുവതികളെയാണ് നോട്ടമിടുന്നത്. സംസാരിച്ച് ആരെയും വീഴ്ത്തുന്ന പ്രകൃതക്കാരായതിനാൽ പെൺവീട്ടുകാർ ഇയാളുടെ വാക്കുകൾ വിശ്വസിക്കുകയും വിവാഹം നടത്തുകയും ചെയ്യും. വിവാഹം കഴിഞ്ഞാൽ സൂത്രത്തിൽ സ്വർണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്യും. ദിവസങ്ങൾക്കുള്ളിലായിരിക്കും ഇത്.

ഇരുപതുലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്ന യുവതിയുടെ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ബാബു പിടിയിലായത്. പരാതി നൽകിയ യുവതിക്കുപോലും ഇയാൾ വേറെ കല്യാണം കഴിച്ചിരുന്നു എന്ന് അറിയില്ലായിരുന്നു. ഇയാളുടെ ഭാര്യമാരിൽ ഒരാൾ സമാനരീതിയിലുള്ള പരാതിയുമായി നേരത്തേ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും അവർ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

വിശ്വാസ വഞ്ചന, മുൻവിവാങ്ങൾ മറച്ചുവച്ച് കൂടുതൽ വിവാഹം കഴിക്കുക, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാബുവിനെപ്പറ്റി കൂടുതൽ അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് പൊലീസ്.